കെപിസിസി ഭാരവാഹി പട്ടിക: സോണിയയെ അതൃപ്തി അറിയിച്ച് മുരളീധരന്‍

 തിരുവനന്തപുരം: കെപിസിസിയുടെ ജംബോ ഭാരവാഹിപട്ടികയ്‌ക്കെതിരെ പാര്‍ട്ടി അധ്യക്ഷയെ അതൃപ്തി അറിയിച്ച് കെ.മുരളീധരന്‍ എം.പി. ജംബോ പട്ടിക ഗുണം ചെയ്യില്ലെന്നും രാഷ്ട്രീയകാര്യസമിതി അംഗങ്ങളോടോ എംപിമാരോടോ ആലോചിക്കാതെയാണ് പട്ടിക തയാറാക്കിയതെന്നും സോണിയ ഗാന്ധിയെ നേരില്‍ കണ്ട് മുരളീധരന്‍ പരാതിപ്പെട്ടു. പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കാന്‍ കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും വൈകിട്ട് ഡല്‍ഹിക്ക് പോകും. ഭാരവാഹി പട്ടികയ്ക്ക് അംഗീകാരം നേടിയെടുക്കാന്‍ കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും അടുത്തദിവസം സോണിയഗാന്ധിയെ കാണാനിരിക്കെയാണ് കെ.മുരളീധരന്റ നീക്കം. ജംബോ കമ്മിറ്റി വേണ്ടെന്നായിരുന്നു രാഷ്ട്രീയകാര്യസമിതിയിലെ പൊതുതീരുമാനം. അത് മറികടന്നാണ് ഇപ്പോള്‍ പട്ടിക തയാറാക്കിയിരിക്കുന്നത്. രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങളുമായോ എംപിമാരുമായോ ഇക്കാര്യം ചര്‍ച്ച ചെയ്തില്ല. ഗ്രൂപ്പ് നേതൃത്വങ്ങള്‍ നല്‍കിയ പട്ടിക അതേപടി ചേര്‍ത്തുവച്ചിരിക്കുകയാണെന്നാണ് മുരളീധരന്റെ പരാതി. തര്‍ക്കം തുടര്‍ന്നാല്‍ പട്ടികയ്ക്കുളള അംഗീകാരം വൈകിയേക്കാം. യൂത്ത് കോണ്‍ഗ്രസില്‍ വോട്ടെടുപ്പ് ഒഴിവാക്കണമെന്ന് കെപിസിസി നേതൃത്വവും ദേശീയനേതൃത്വത്തോട് ആവശ്യപ്പെടും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍