നിയമ ഭേദഗതിയുമായി കേന്ദ്രം; എസ്പിജി സുരക്ഷ പ്രധാനമന്ത്രിക്കു മാത്രം

 ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളുടെ എസ്പിജി സംരക്ഷണം പിന്‍വലിച്ചതിനെതിരേ രൂക്ഷ പ്രതിഷേധം ഉയരുന്നതിനിടെ എസ്പിജി നിയമ ഭേദഗതിയുമായി സര്‍ക്കാര്‍. ശീതകാല സമ്മേളനത്തില്‍ അടുത്തയാഴ്ച എസ്പിജി നിയമഭേദഗതി ബില്ല് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പുതുക്കുന്ന നിയമം അനുസരിച്ച് രാജ്യത്ത് ഇനിമേല്‍ പ്രധാനമന്ത്രിക്ക് മാത്രമായിരിക്കും എസ്പിജി സംരക്ഷണം ലഭിക്കുക. 1991ല്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിനുശേഷമാണ് മുന്‍ പ്രധാനമന്ത്രിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും എസ്പിജി സംരക്ഷണം നല്‍കുന്ന വിധത്തില്‍ നിയമം ഭേദഗതി ചെയ്തത്. എന്നാല്‍, ഇനിമുതല്‍ മുന്‍ പ്രധാനമന്ത്രിമാര്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ ഈ സംരക്ഷണം ലഭിക്കില്ല. മുന്‍പ് 3500 സൈനികര്‍ ഉണ്ടായിരുന്ന എസ്പിജിയുടെ അംഗബലവും ആഭ്യന്തര മന്ത്രാലയം കുറച്ചിട്ടുണ്ട്. അടുത്തയാഴ്ച പാര്‍ലമെന്റില്‍ എസ്പിജി ഭേദഗതി ബില്ല് അവതരിപ്പിക്കുമെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍ ആണ് അറിയിച്ചത്. ഈ മാസം ആദ്യമാണ് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സംരക്ഷണം സര്‍ക്കാര്‍ പിന്‍വലിച്ചത്. അതിനു മുന്‍പായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സുരക്ഷയും പിന്‍വലിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍