ബെവ്‌കോയുമായി കൈകോര്‍ത്ത് ക്ലീന്‍ കേരള പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ ഇനി കുന്നുകൂടില്ല

തിരുവനന്തപുരം: വലിച്ചെറിയുന്ന പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ ശേഖരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള പദ്ധതിയുമായി ബിവറേജസ് കോര്‍പറേഷന്‍. സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വമിഷന് കീഴിലുള്ള ക്ലീന്‍ കേരള കമ്പനി ലിമിറ്റഡുമായി കൈകോര്‍ത്താണ് പദ്ധതി. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന് മുന്നോടിയായി ക്ലീന്‍ കേരള കമ്പനി ബെവ്‌കോയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബെവ്‌കോ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയാല്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം,തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരസഭകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കും. വിജയിച്ചാല്‍ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. ഹരിതകര്‍മ്മസേന ശേഖരിക്കുന്ന കുപ്പികള്‍ ഓരോ നഗരസഭയിലെയും ഗോഡൗണില്‍ സംഭരിക്കും. അവിടെ നിന്ന് പോണ്ടിച്ചേരിയിലെ കുപ്പികള്‍ നുറുക്കുന്ന സ്ഥാപനത്തില്‍ ഇവ കൊണ്ടുപോകും. ഇതിനായി ഒരു കിലോഗ്രാം പ്ലാസ്റ്റിക് കുപ്പിക്ക് 7.50 രൂപ വീതം നല്‍കണമെന്നാണ് ക്ലീന്‍ കേരള ബെവ്‌കോയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പോണ്ടിച്ചേരിയിലെ സ്ഥാപനത്തിന് സൗജന്യമായാണ് കുപ്പികള്‍ നല്‍കുന്നതെങ്കിലും വാഹനവാടക അവരില്‍ നിന്ന് ഈടാക്കാന്‍ പറ്റുമോയെന്ന കാര്യവും ആലോചിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഇപ്പോള്‍ ക്‌ളീന്‍കേരള കുപ്പിമാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ട്.ബിയര്‍കുപ്പികള്‍ ശേഖരിച്ച് നല്‍കാന്‍ മദ്യനിര്‍മ്മാണ കമ്പനിയായ യു.ബി ഡിസ്റ്റിലറീസുമായി ക്ലീന്‍കേരള കമ്പനിക്ക് നിലവില്‍ കരാറുണ്ട്. ഒരു കുപ്പിക്ക് 1.50 രൂപയാണ് വില. ഇതില്‍ ഒരു രൂപ കുപ്പി ശേഖരിക്കുന്ന വ്യക്തിക്കാണ്. പക്ഷേ ഈ കരാര്‍ ലാഭകരമല്ല. ബെവ്‌കോ വിറ്റഴിക്കുന്ന ബിയര്‍ കുപ്പികള്‍ പാര്‍ലറുകളില്‍ നിന്നും പൊതു സ്ഥലത്തു നിന്നും ശേഖരിക്കും. ഒരു കുപ്പിക്ക് മൂന്ന് രൂപയാണ് ക്‌ളീന്‍ കേരള കമ്പനി ആവശ്യപ്പെട്ടിട്ടുള്ളത്.'ശേഖരിക്കുന്ന കുപ്പികള്‍ സംഭരിക്കാന്‍ ഗോഡൗണ്‍ വേണം. വാഹന സൗകര്യവുമുണ്ടാവണം. ഇതെല്ലാം പരിഗണിച്ചുള്ള തുകയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ബെവ്‌കോ സമ്മതിച്ചാല്‍ ഡിസംബര്‍ ഒന്നിന് പദ്ധതി തുടങ്ങും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍