സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ സഹകരണ പ്രസ്ഥാനം: മന്ത്രി

കൊല്ലം: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുമ്പോള്‍ കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ സഹകരണ പ്രസ്ഥാനത്തിന്റെ കരുത്തിലാണ് തടസമില്ലാതെ തുടരുന്നതെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ജില്ലാതല സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. നികുതി വിഹിതം കൃത്യമായി നല്‍കാതെയും കടത്തിന്റെ പരിധി വെട്ടിക്കുറച്ചും സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിലാണ് സഹകരണ പ്രസ്ഥാനം വലിയ പിന്തുണയാകുന്നത്. ജനം ഈ മേഖലയില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന് തെളിവാണ് വര്‍ധിച്ചുവരുന്ന നിക്ഷേപതോത്. സഹകരണ മേഖലയില്‍ ലഭിക്കുന്ന പണം ക്രിയാത്മകമായി ഉപയോഗപ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. സാമൂഹ്യ പ്രതിബദ്ധതയാണ് സഹകരണ മേഖലയുടെ മുഖമുദ്ര എന്ന് വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള സമ്മാനം വിതരണം ചെയ്ത് മന്ത്രി കെ. രാജു പറഞ്ഞു. കേരള ബാങ്ക് രൂപീകരണം സഹകരണ പ്രസ്ഥാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.എം.നൗഷാദ് എംഎല്‍എ അധ്യക്ഷനായി. എംഎല്‍എമാരായ ആര്‍. രാമചന്ദ്രന്‍, ജി.എസ്. ജയലാല്‍, എന്‍എസ് സഹകരണ ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രന്‍, വിവിധ ബാങ്കുകളുടെ പ്രസിഡന്റുമാര്‍, സഹകരണ ജോയിന്റ് ഡയറക്ടര്‍ ഡി. പ്രസന്നകുമാരി, സഹകാരികള്‍, ബാങ്കുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍