മഹാ നാടകം തുടരുന്നു; നാല് വിമതര്‍ കൂടി എന്‍സിപി ക്യാമ്പില്‍ തിരിച്ചെത്തി

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകം മുറുകുന്നതിനിടെ നാല് വിമത എംഎല്‍എമാര്‍ കൂടി എന്‍സിപി ക്യാമ്പില്‍ തിരിച്ചെത്തി. നര്‍ഹരി സിര്‍വാള്‍, വിനായക് ദറോഡ, വിനായ് ദൗലത്ത്, അനില്‍ പാട്ടീല്‍ എന്നിവരാണ് തിരിച്ചെത്തിയത്. ഇതോടെ 54 എംഎല്‍എമാരില്‍ അജിത് പവാര്‍ ഒഴിച്ചുള്ള 53 പേരും തങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് എന്‍സിപി അവകാശപ്പെട്ടു. വിനായക് ദറോഡ, വിനായ് ദൗലത്ത്, അനില്‍ പാട്ടീല്‍ എന്നിവര്‍ ഇന്ന് പുലര്‍ച്ചെ 4.30 ന് മുംബൈ വിമാനത്താവളത്തില്‍ എത്തി. നര്‍ഹരി സിര്‍വാള്‍ പിന്നാലെയാണ് ഡല്‍ഹിയില്‍നിന്നും മുംബൈയില്‍ എത്തിയത്. അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ നാല് വിമത എംഎല്‍എമാരേയും കാണാതായിരുന്നു. ഇവരുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. ഡല്‍ഹിയില്‍ എത്തിയ വിമതരെ എന്‍സിപി വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് സോണിയ ദൂഹനും യുവജനവിഭാഗം പ്രസിഡന്റ് ധീരജ് ശര്‍മയും ചേര്‍ന്നാണ് കണ്ടെത്തിയത്. വിമതരെ അനുനയിപ്പിച്ച ശേഷം യുവജന വിഭാഗം നേതാക്കള്‍ ഇവരെ മുംബൈയിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. എന്‍സിപി എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന ഹൈയാത് ഹോട്ടലില്‍ വിമതരെ എത്തിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍