ഭീകര ഭീഷണി; കശ്മീരില്‍നിന്നും ബംഗാള്‍ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നു

 കൊല്‍ക്കത്ത: ജമ്മുകശ്മീരില്‍നിന്നും മടങ്ങിപ്പോരാന്‍ ബംഗാളി തൊഴിലാളികള്‍ക്ക് അവസരമൊരുക്കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. അന്യസംസ്ഥാന തൊഴിലാളികള്‍ കശ്മീരില്‍ കൊല്ലപ്പെട്ട സാഹചര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നടപടി. ശ്രീനഗറില്‍നിന്ന് ഒമ്പത് പേരെ തിരികെയെത്തിക്കാന്‍ നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. കശ്മീരിലെ ആക്രമണത്തിനു പിന്നാലെ മടങ്ങിയെത്താന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ സംസ്ഥാന സര്‍ക്കാരിനെ ബന്ധപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് രണ്ട് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കശ്മീരിലേക്ക് അയച്ചു. തൊഴിലാളികളുടെ മടങ്ങിവരവ് സംബന്ധിച്ച കാര്യങ്ങളുടെ മേല്‍നോട്ടത്തിനാണ് പോലീസ് ഉദ്യോഗസ്ഥരെ അയച്ചതെന്നും മതത കൂട്ടിച്ചേര്‍ത്തു. ബംഗാളില്‍നിന്നുള്ള 131 തൊഴിലാളികളാണ് കശ്മീരില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒമ്പത് പേരെ ശ്രീനഗറില്‍ എത്തിച്ചു. മറ്റുള്ളവരെ ബാരാമുള്ളയില്‍നിന്നും താഴ്‌വരയുടെ മറ്റുഭാഗങ്ങളില്‍നിന്നും ശ്രീനഗറിലേക്ക് എത്തിക്കുകയാണെന്നും മമത അറിയിച്ചു. പ്രത്യേക ട്രെയിനിലാണ് ബംഗാള്‍ സര്‍ക്കാര്‍ തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍