വാട്‌സ്ആപ് ചോര്‍ത്തല്‍; ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി സമിതി പരിശോധിക്കും

 ന്യൂഡല്‍ഹി: രാഷ്ട്രീയ നേതാക്കളുടെയും അഭിഭാഷകരുടെയും ആക്ടിവിസ്റ്റുകളുടെയും വിവരങ്ങള്‍ വാട്‌സ്ആപ് വഴി ചാര സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് ചോര്‍ത്തിയ സംഭവം പാര്‍ലമെന്ററി സമിതി പരിശോധിക്കും. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അധ്യക്ഷനായ വിവര സാങ്കേതിക കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സമിതിയാണ് നവംബര്‍ 20ന് ചേരുന്ന യോഗത്തില്‍ വിഷയം പരിശോധിക്കുക. കോണ്‍ഗ്രസ് എംപി ആനന്ദ് ശര്‍മ അധ്യക്ഷനായ പാര്‍ലമെന്ററി സമിതിയും വാട്‌സ്ആപ് വിഷയത്തില്‍ വിശദീകരണം തേടുകയും വിഷയം ചര്‍ച്ച ചെയ്യുമെന്നു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. തരൂര്‍ അധ്യക്ഷനായ വിവര സാങ്കേതിക സമിതി വിഷയം ചര്‍ച്ച ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി സമിതി അംഗങ്ങള്‍ക്കു കത്തു നല്‍കിയിട്ടുണ്ട്. ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ച് 121 ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് വാട്‌സ്ആപ് തന്നെ വ്യക്തമാക്കിയിരുന്നു. ആക്ടിവിസ്റ്റുകള്‍ക്കും അഭിഭാഷകര്‍ക്കും പുറമേ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഫോണും ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫോണുകളില്‍നിന്നു വിവരം ചോര്‍ത്തിയ സംഭവത്തില്‍ ഇസ്രയേല്‍ കന്പനി എന്‍എസ്ഒയോട് ഇന്ത്യന്‍ സര്‍ക്കാര്‍ പരാതി അറിയിക്കാന്‍ പോലും തയാറായിട്ടില്ലെന്ന് കമ്മിറ്റി അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ ശശി തരൂര്‍ ചൂണ്ടിക്കാട്ടി.രാജ്യത്തെ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയത് സര്‍ക്കാരിന്റെ അറിവോടെ ആണോ എന്നു സമിതിയില്‍ ചര്‍ച്ച ചെയ്യണം. അല്ലെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തി ഏതെങ്കിലും വിദേശ സര്‍ക്കാരോ മറ്റേതെങ്കിലും സ്വകാര്യ ഏജന്‍സിയോ ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തിയതാണോ എന്നും പരിശോധിക്കണമെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു. വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടവരുടെ പേരു വിവരങ്ങള്‍ ഒരു പക്ഷേ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനേക്കാള്‍ ഇരട്ടിയാകാം. സ്വകാര്യത എന്നത് മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ അവകാശം സംരക്ഷിക്കാന്‍ ഭരണ, പ്രതിപക്ഷ കക്ഷികളില്‍ പെട്ട ജനപ്രതിനിധികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍