മെഡിക്കല്‍ കോളജുകളില്‍ നടക്കുന്ന ഗവേഷണത്തിന് പരിഗണന നല്‍കും : മന്ത്രി കെ.കെ. ശൈലജ

മെഡിക്കല്‍കോളജ്: വിവിധ മെഡിക്കല്‍ കോളജുകളില്‍ നടക്കുന്ന ഗവേഷണത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മെഡിക്കല്‍കോളജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തില്‍ നടത്തിയ ദേശീയ മെഡിക്കല്‍ ഗവേഷണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പൊതുജനാരോഗ്യ രംഗത്തുള്ള ഗവേഷണത്തിലെ പ്രധാന കണ്ടെത്തലുകള്‍ ജനങ്ങള്‍ക്ക് ഉപയോഗപ്രദമാകുംവിധം നയരൂപീകരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ വിവിധ മെഡിക്കല്‍ കോളജുകളിലെ 400ലധികം ബിരുദ ബിരുദാനന്തര മെഡിക്കല്‍ വിദ്യാര്‍ഥികളും ഡോക്ടര്‍മാരും പങ്കെടുക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ സ്റ്റുഡന്റ്‌സ് മെഡിക്കല്‍ റിസര്‍ച്ച് പൊതുജനാരോഗ്യം പുതിയ സാധ്യതകള്‍ എന്ന പ്രമേയത്തെ അധികരിച്ചാണ് നടക്കുന്നത്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ, ഡോ. വി. രാമന്‍കുട്ടി, പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. ബി. ഇക്ബാല്‍, ഡോ. സുന്ദരി രവീന്ദ്രന്‍, ഡോ. ഡെന്നീസ് റോബര്‍ട്ട്, ഡോ. സജിത് കുമാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുള്ള പൊതുജനാരോഗ്യ ക്വിസ്, ഗവേഷണത്തെ സംബന്ധിച്ചുള്ള അനുബന്ധ വര്‍ക് ഷോപ്പ് എന്നിവയും സമ്മേളനത്തില്‍ ഉണ്ടാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍