മഹാരാഷ്ട്ര യില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അഞ്ചു മണിക്കു മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാണു സുപ്രീംകോടതി നിര്‍ദേശം. രഹസ്യബാലറ്റ് പാടില്ല. വിശ്വാസവോട്ടെടുപ്പ് നടപടി ക്രമങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നു. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരേ ശിവസേന എന്‍സിപി കോണ്‍ഗ്രസ് സഖ്യം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. ജസ്റ്റീസ് എന്‍.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ദേവേന്ദ്ര ഫഡ്‌നാവിസിനെ സര്‍ക്കാരുണ്ടാക്കുന്നതിനായി ക്ഷണിച്ചുകൊണ്ട് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി നല്‍കിയ കത്ത് ഹാജരാക്കാന്‍ കേസില്‍ ഞായറാഴ്ച നടത്തിയ പ്രത്യേക സിറ്റിംഗില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടു കോടതി നിര്‍ദേശിച്ചിരുന്നു. ഇതും സര്‍ക്കാരുണ്ടാക്കാന്‍ മതിയായ ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെട്ട് ഫഡ്‌നാവിസ് നല്‍കിയ കത്തും ഇന്നലെ രാവിലെ മേത്ത ഹാജരാക്കി. എന്‍സിപിയുടെ 54 എംഎല്‍എമാരുടെ പിന്തുണചൂണ്ടിക്കാട്ടി അജിത് പവാര്‍ ഗവര്‍ണര്‍ക്കു നല്‍കിയ കത്തും മേത്ത ഹാജരാക്കി.ഇതിനു മറുപടിയായി തങ്ങളുടെ എംഎല്‍എമാര്‍ നിയമസഭാ കക്ഷി നേതാവെന്ന നിലയില്‍ അജിത് പവാറിനു നല്‍കിയ പിന്തുണയാണെന്നും ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ എംഎല്‍എമാര്‍ കത്ത് നല്‍കിയിട്ടില്ലെന്നും എന്‍സിപി കോണ്‍ഗ്രസ് കക്ഷികള്‍ക്കു വേണ്ടി അഭിഷേക് മനു സിംഗ്വി ചൂണ്ടിക്കാട്ടി. തട്ടിപ്പ് നടത്തിയാണു ബിജെപി സര്‍ക്കാരുണ്ടാക്കിയത്. അതിനു കേന്ദ്രവും ഗവര്‍ണറും കൂട്ടുനില്‍ക്കുകയായിരുന്നു. അജിത് പവാറിനെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്നു നീക്കിയതായി വ്യക്തമാക്കുന്ന എംഎല്‍എമാരുടെ കത്ത് ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ത്രികക്ഷി സഖ്യത്തിന്റെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി എന്‍സിപിയിലെ 54 എംഎല്‍എമാരുടെ പിന്തുണ അടക്കം 154 പേര്‍ ഒപ്പിട്ടു നല്‍കിയ സത്യവാങ്മൂലം തന്റെ കൈയിലുണ്ടെന്ന് ശിവസേനയ്ക്കുവേണ്ടി ഹാജരായ കപില്‍ സിബലും കോടതിയെ അറിയിച്ചു. ഈ വാദങ്ങള്‍ പരിഗണിച്ചശേഷം കോടതി വിധി പറയുന്നത് ഇന്നത്തേക്കു മാറ്റുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍