ജമ്മു കശ്മീരും ലഡാക്കും അഫ്‌സ്പ നിയമത്തിനു കീഴിലേക്ക്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ വിഭജിച്ച് പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു ആന്‍ഡ് കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങള്‍ അഫ്‌സ്പ നിയമത്തിനു കീഴിലേക്ക്. സംസ്ഥാനവിഭജനംവരെ ഏതെങ്കിലും ജില്ലയിലോ പോലീസ് സ്റ്റേഷന്‍ പരിധിയിലോ ഈ നിയമം കൊണ്ടുവരാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരമുണ്ടായിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ പുതിയ ഉത്തരവനുസരിച്ച് 'സായുധസേനാ (ജമ്മു ആന്‍ഡ് കശ്മീര്‍) പ്രത്യേകാധികാര നിയമം 1990' കൊണ്ടുവരുന്നതിനുള്ള അധികാരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു നല്‍കിയിരിക്കുകയാണ്. 1990 മുതല്‍ ജമ്മു കശ്മീരില്‍ അഫ്‌സ്പ നിയമം നിലവിലുണ്ടായിരുന്നുവെങ്കിലും ലഡാക്കിലെ ലേ, കാര്‍ഗില്‍ മേഖലകളില്‍ ഇതുവരെ ഈ നിയമം പ്രഖ്യാപിച്ചിരുന്നില്ല. വിഭജനത്തിനുശേഷം രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസും ക്രമസമാധാനവും ബന്ധപ്പെട്ട ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ വഴി ആഭ്യന്തരമന്ത്രാലയമാണ് നിര്‍വഹിക്കുന്നത്. സുരക്ഷാസേനയ്ക്ക് ഏതൊരു പൗരനെയും ചോദ്യംചെയ്യാനോ വെടിവയ്ക്കാനോ വരെ അധികാരം നല്‍കുന്നതാണ് അഫ്‌സ്പ നിയമം. ഇതിന്റെ പേരില്‍ സൈനികര്‍ക്കെതിരേ നടപടിയെടുക്കാനും കഴിയില്ല. 1958 സെപ്റ്റംബര്‍ 11നാണ് അഫ്‌സ്പ (ആര്‍മിഡ് ഫോര്‍സ് സ്‌പെഷല്‍ പവര്‍ ആക്ട്) നിലവില്‍ വന്നത്. അസ്വസ്ഥബാധിത പ്രദേശങ്ങളിലാണ് കേന്ദ്രം ഈ നിയമം നല്‍കുന്നത്. നിയമ ലംഘനം നടത്തിയെന്നു കരുതുന്നയാളെ റെയ്ഡ് ചെയ്യാനും നശിപ്പിക്കാനുമുള്ള അധികാരവും ഈ നിയമത്തിലുണ്ട്. എന്നാല്‍ ഈ നിയമം സൈനികര്‍ ദുരുപയോഗം ചെയ്യുന്നതായും ആരോപണമുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും പ്രത്യേക സൈനിക നിയമം നടപ്പിലാക്കിയതിന്റെ പേരില്‍ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍