നവോത്ഥാനത്തില്‍ നിന്നുള്ള മാറ്റത്തെ പ്രതിരോധിക്കണം: മുഖ്യമന്ത്രി

 തിരുവനന്തപുരം:നവോത്ഥാന ചിന്തയില്‍ നിന്ന് മാറി നിലപാട് സ്വീകരിക്കുന്നതിന് എതിരെ സമൂഹത്തില്‍ ശക്തമായ ഇടപെടല്‍ ആവശ്യമായിരിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശരിയായ കാര്യങ്ങള്‍ ജനങ്ങളിലേക്ക് ശരിയായ രീതിയില്‍ എത്തിക്കാന്‍ കഴിയണം.നമ്മള്‍ ശാസ്ത്രീയ സോഷ്യലിസത്തിന്റെ പ്രചാരകരായി മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പി.ഗോവിന്ദപ്പിള്ളയുടെ സ്മരണയ്ക്കായി രൂപീകരിച്ച പി.ജി.സംസ്‌കൃതി കേന്ദ്രത്തിന്റെ ഉദ്ഘാടനം അയ്യന്‍കാളി ഹാളില്‍ നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി .നവോത്ഥാനം ശക്തിപ്പെട്ടു വന്ന ഘട്ടത്തില്‍, തങ്ങള്‍ ജാതിയുടെ പേരില്‍ അറിയപ്പെടേണ്ടതില്ലെന്ന് പലരും നിലപാടെടുത്തു. പക്ഷേ, പുതിയ തലമുറ ചിന്തിക്കുന്നത് അവരുടെ കുഞ്ഞുങ്ങള്‍ ജാതിയുടെ പേരില്‍ അറിയപ്പെടട്ടെ എന്നാണ്. ഈ മാറ്റം നിസാരമായി കാണാനാവില്ല.നവോത്ഥാന മൂല്യങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള ശ്രമം എന്നുമുണ്ടായിട്ടുണ്ട്. വലിയ തടസമുണ്ടാക്കാന്‍ അത്തരം ശക്തികള്‍ക്ക് കഴിയാഞ്ഞതിനാലാണ് സമൂഹത്തില്‍ നവോത്ഥാനം വലിയ സ്വാധീനമുണ്ടാക്കിയത്. അത് തകര്‍ക്കാനാണ് ഇപ്പോഴത്തെ ശ്രമം മുഖ്യമന്ത്രി പറഞ്ഞു.എന്നും പ്രത്യയശാസ്ത്ര സ്ഥൈര്യം കാട്ടിയ വ്യക്തിയായിരുന്നു പി.ഗോവിന്ദപ്പിള്ള.ഏത് വാഗ്വാദങ്ങളിലും സ്വന്തം വാദം സ്ഥാപിച്ചെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ചിന്തകന്‍, എഴുത്തുകാരന്‍, മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍, പ്രഭാഷകന്‍, പത്രപ്രവര്‍ത്തകന്‍ തുടങ്ങി പലതുമായിരുന്നെങ്കിലും കമ്യൂണിസ്റ്റ് എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. പാര്‍ട്ടിക്ക് കീഴ്‌പ്പെട്ടു പോകുന്ന നിലപാട് സ്വീകരിച്ചത് അദ്ദേഹത്തിന്റെ മഹിമയാണ് വ്യക്തമാക്കുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി. പി.ജി.സംസ്‌കൃതി കേന്ദ്രം ചെയര്‍മാന്‍ കെ.എന്‍.പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു.പി.ജി.യുടെ ഗ്രന്ഥസമാഹാരമായ 'നവോത്ഥാന കേരളം 'മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഡോ.രാജന്‍ കുരുക്കള്‍ പുസ്തകം ഏറ്റുവാങ്ങി. ഡോ.തോമസ് ഐസക്ക്, സി.പി.ഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ മന്ത്രി എം.വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്‌കൃതി കേന്ദ്രം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആനാവൂര്‍ നാഗപ്പന്‍ സ്വാഗതം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍