ജിദ്ദയില്‍ നാളെ കേരളോത്സവം അരങ്ങേറും

 ജിദ്ദ:ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍
നാളെ കേരളോത്സവം അരങ്ങേറും. കേരളത്തിന്റെ തനത് കലാരൂപങ്ങളുടെ അവതരണത്തോടൊപ്പം വിനോദ സഞ്ചാര മേഖലകളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍, ഫോട്ടോ പ്രദര്‍ശനം, ഭക്ഷ്യമേള തുടങ്ങിയവയും കേരളോസവത്തിന്റെ ഭാഗമായി നടക്കും. ഇന്ത്യന്‍ കോണ്‍സുലേറ്റും സൗദി ഇന്ത്യന്‍ ബിസിനസ് നെറ്റ്‌വര്‍ക്കും ജിദ്ദയിലെ മലയാളീ സമൂഹവും ഒന്നിച്ചണിചേര്‍ന്നുകൊണ്ടാണ് കേരളോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരം 3 മുതല്‍ രാത്രി 11.30 വരെ കോണ്‍സുലേറ്റ് അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ഘോഷയാത്ര, വിവിധ കലാ പ്രകടനങ്ങള്‍ എന്നിവ അരങ്ങേറും. കേരളത്തിന്റെ വിനോദ സഞ്ചാര നിക്ഷേപ സാധ്യതകളെ പരിചയപ്പെടുത്തുന്ന വിവിധ സ്റ്റാളുകള്‍, ഫോട്ടോ പ്രദര്‍ശനം, ഭക്ഷ്യമേള എന്നിവയും കേരളോല്‍സവത്തോടനുബന്ധിച്ചു ഒരുക്കിയിട്ടുണ്ട്. എല്ലാ കേരളീയരെയും പരിപാടിയിലേക്ക് മലയാളത്തില്‍ ക്ഷണിച്ചുകൊണ്ടുള്ള മണിപ്പൂരി സ്വദേശിയായ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖിന്റെ വീഡിയോ ക്ലിപ്പ് ഇതിനോടകം വൈറലായിട്ടുണ്ട്. ജിദ്ദയിലെ വിവിധ സംഘടനകള്‍ക്ക് കീഴിലാണ് സാംസ്‌കാരിക പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. മലയാളികള്‍ക്കൊപ്പം മറ്റു സംസ്ഥാനക്കാര്‍, സ്വദേശികള്‍ തുടങ്ങി വന്‍ജനാവലി പരിപാടി വീക്ഷിക്കാനെത്തുമെന്ന കണക്കുകൂട്ടലിലാണ് സംഘാടകര്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍