ഡല്‍ഹി സംഘര്‍ഷം: രണ്ട് ഐപിഎസുകാര്‍ക്ക് സ്ഥലംമാറ്റം

ന്യൂഡല്‍ഹി: തീസ് ഹസാരി കോടതി പരിസരത്ത് അഭിഭാഷകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സ്ഥലംമാറ്റം. സ്‌പെഷല്‍ കമ്മീഷണര്‍ സഞ്ജയ് സിംഗ്, അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഹരേന്ദര്‍ കുമാര്‍ സിംഗ് എന്നിവരെയാണ് സ്ഥലംമാറ്റിയത്. സഞ്ജയ് കുമാറിനെ ഗതാഗത വകുപ്പില്‍ സ്‌പെഷല്‍ കമ്മീഷണര്‍ ആയും ഹരേന്ദര്‍ കുമാര്‍ സിംഗിനെ റെയില്‍വേ ഡിസിപി ആയുമാണ് സ്ഥലംമാറ്റിയിരിക്കുന്നത്. റെയില്‍വേ ഡിസിപി ദിനേശ് കുമാര്‍ ഗുപ്തയെ ഉത്തരമേഖലാ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചിട്ടുണ്ട്. നവംബര്‍ രണ്ടിന് തീസ് ഹസാരി കോടതി വളപ്പില്‍ പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വലിയ സംഘട്ടനത്തില്‍ കലാശിച്ചത്. ആക്രമണത്തില്‍ 20 പോലീസുകാര്‍ക്കു പരിക്കേറ്റിരുന്നു. ഒരു പോലീസ് വാഹനം കത്തിച്ചത് ഉള്‍പ്പെടെ 20 പോലീസ് വാഹനങ്ങള്‍ തകര്‍ത്തു. എട്ട് അഭിഭാഷകര്‍ക്കും പരിക്കേറ്റിരുന്നു. സംഘര്‍ഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ദേശീയ വനിത കമ്മീഷന്‍ ഇടപെടുന്നു. ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ സംഭവത്തെ അപലപിച്ചു. വിഷയത്തില്‍ സ്വമേധയ കേസെടുക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. ഒരു സംഘം അഭിഭാഷകരെ മറ്റു പോലീസുകാര്‍ക്കൊപ്പം തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഉദ്യോഗസ്ഥ കയ്യേറ്റം ചെയ്യപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളിലാണ് വനിതാ ഉദ്യോഗസ്ഥ ആക്രമിക്കപ്പെട്ടതായി വ്യക്തമായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍