അനിയന്‍ ബാവ ചേട്ടന്‍ ബാവ

 നമ്മുടെ അയലത്ത് ശ്രീലങ്കയില്‍ നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ അനിയന്‍ ബാവ മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 52 ശതമാനം നേടി വിജയിച്ചിരിക്കുന്നു. അനിയന്‍ ബാവ ആരാണെന്നല്ലേ, പുള്ളി ചില്ലറക്കാരനൊന്നുമല്ല. മുന്‍ പ്രസിഡണ്ട് മഹീന്ദ രാജപക്‌സെയുടെ അനിയനും ശ്രീലങ്കന്‍ പ്രതിരോധ മന്ത്രി എന്ന നിലയില്‍ തമിഴ് പുലികളെ അടിച്ചമര്‍ത്തുന്നതില്‍ ശക്തമായ നേതൃത്വം നല്‍കിയ ആളുമായ ഗോട്ടബായ രാജപക്‌സെ. ശ്രീലങ്കന്‍ സൈന്യത്തിലെ മുന്‍ ലെഫ്ട്ന്റ് കേണല്‍. 1998ല്‍ സൈന്യത്തില്‍ നിന്നും വിരമിച്ചശേഷം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ എഞ്ചിനീയറിങ് ബിരുദമെടുത്ത് സാക്ഷാല്‍ ട്രംപിന്റെ നാട്ടിലേക്ക് വിമാനം പിടിച്ചു. ക്രമേണ അവിടുത്തെ പൗരത്വം നേടി ഇരട്ടപൗരത്വത്തിന് ഉടമയായി. പിന്നീട് 2005 ല്‍ ജ്യേഷ്ഠ സഹോദരന്‍ മഹീന്ദ രാജപക്‌സെ ശ്രീലങ്കന്‍ പ്രസിഡണ്ടായപ്പോള്‍ അമേരിക്കന്‍ പൗരത്വം ഉപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തി. പിന്നെ ശ്രീലങ്കയിലെ സജീവരാഷ്ട്രീയത്തില്‍. മഹിന്ദ രാജപക്‌സെ അക്കാലത്ത് ശ്രീലങ്കന്‍ പ്രസിഡണ്ട് എന്ന നിലയില്‍ ഭരണതലത്തിലെ ഒന്നാമനാണെങ്കില്‍ ഗോട്ടബായ തന്നെ ആയിരുന്നു രണ്ടാമന്‍. ഇപ്പോഴിതാ അനിയന്‍ ഒന്നാമനായിരിക്കുന്നു. എന്നാല്‍ ഒരുകാര്യം ഉറപ്പ്,ഗോട്ടബായ പ്രസിഡണ്ടായികഴിഞ്ഞാല്‍ മഹീന്ദ രാജപക്‌സെ എന്ന ചേട്ടന്‍ ബാവയായിരിക്കും പിന്‍സീറ്റ് ഡ്രൈവിങ്ങില്‍. ഇപ്പോള്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ശ്രീലങ്കന്‍ പെരുമന (എസ്.എല്‍.പി.പി) പാര്‍ട്ടിയുടെ ബാനറിലാണ് മുഖ്യ എതിരാളി സജിത് പ്രേമദാസയെ ഗോട്ടബായ തോല്‍പ്പിച്ചത്. പ്രേമദാസ ഇപ്പോഴത്തെ പ്രധാനമന്ത്രി റനില്‍ വിക്രം സിംഗയുടെ പാര്‍ട്ടിക്കാരനാണ്. ഗോട്ടബായ അധികാരത്തില്‍ വന്നാല്‍ സ്വാഭാവികമായും വിക്രമസിംഗെ പ്രധാനമന്ത്രിപദം രാജിവച്ചേക്കും. അങ്ങനെ വരുമ്പോള്‍ ചേട്ടന്‍ ബാവ മഹീന്ദ രാജപക്‌സെ തന്നെ പ്രധാനമന്ത്രിയായേക്കുമെന്നാണ് സൂചനകള്‍.ചുരുക്കത്തില്‍ ഇനി കുറെ കാലമെങ്കിലും ശ്രീലങ്കന്‍ ഭരണം സിംഹള വംശക്കാരായ രാജപക്‌സെ കുടുംബത്തിന്റെ കൈകളിലായിരിക്കും. ഇപ്പോള്‍ തന്നെ അവരുടെ കുടുംബത്തില്‍ തന്നെ മന്ത്രിയും എംപിമാരുമൊക്കെ ഉണ്ട്. മഹീന്ദ രാജപക്‌സെ ഭരണ രംഗത്തേക്ക് വീണ്ടും കടന്നുവരാനിടയായാല്‍ അത് ശ്രീലങ്കന്‍ തമിഴരെയും മറ്റ് മത ന്യൂനപക്ഷങ്ങളെയും പ്രതികൂലമായിട്ടായിരിക്കും ബാധിക്കുക. ഈ രണ്ടു പേരും അവരുടെ കുടുംബങ്ങളുമായിരിക്കും മുഖ്യ അധികാരകേന്ദ്രങ്ങളില്‍. പ്രസിഡണ്ടിനുള്ള അമിത അധികാരങ്ങള്‍ പലതും കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനുള്ളില്‍ പലതവണയായി എടുത്തുകളയുകയും പുനഃസ്ഥാപിക്കുകയുമൊക്കെ ചെയ്തിരുന്നു. എന്നാല്‍ രാജപക്‌സെമാര്‍ വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ പ്രസിഡണ്ടിന്റെ എടുക്കപ്പെട്ടു പോയ അധികാരങ്ങള്‍ വീണ്ടും വിപുലമായി പുനഃസ്ഥാപിക്കപ്പെട്ടേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മഹീന്ദ രാജപക്‌സെ രണ്ട് തവണ മുമ്പ് ശ്രീലങ്കന്‍ പ്രസിഡണ്ടായിരുന്നു. അക്കാലത്ത് രണ്ട് തവണയില്‍ കൂടുതല്‍ ഒരാള്‍ പ്രസിഡണ്ട് ആവാന്‍ പാടില്ല എന്ന നിബന്ധന നീക്കിയാണ് 2015 ല്‍ മൂന്നാം വട്ടവും പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചത്. എന്നാല്‍ സ്വന്തം മന്ത്രിസഭാംഗമായിരുന്ന മൈത്രിപാല സിരിസേന പ്രതിപക്ഷ പിന്തുണയോടെ മത്സരിച്ച് മഹീന്ദയെ തറ പറ്റിച്ചു. എന്നിട്ടുമടങ്ങാതെ വീണ്ടുമൊരിക്കല്‍ പ്രധാനമന്ത്രിയാവാന്‍ മഹീന്ദ ശ്രമം നടത്തിയെങ്കിലും അതും നടന്നില്ല. അണിയറയില്‍ തുടര്‍ന്നും തന്ത്രങ്ങള്‍ നെയ്ത് സ്വന്തം അനിയനിലൂടെ മഹീന്ദ രാജപക്‌സെ ഇപ്പോള്‍ രാഷ്ട്രീയ വിജയം നേടിയിരിക്കുകയാണ്. ഇരുവരും കഴിവുള്ളവര്‍ തന്നെയാണ്. പക്ഷേ തങ്ങളുടെ രാഷ്ട്രീയ എതിരാളികളോടും തങ്ങളെ അംഗീകരിക്കാത്ത ജനവിഭാഗങ്ങളോടുമുള്ള വൈര നിര്യാതനബുദ്ധിയും അപക്വതയും അവിവേകവും കാണിക്കുന്നവര്‍ കൂടിയാണ്.അതുകൊണ്ടുതന്നെ സ്ഥാനമൊഴിയുന്ന പ്രസിഡണ്ടിന്റെയും അങ്ങനെ ഒഴിയേണ്ടി വരുന്ന പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെയുമൊക്കെ ഗതി എന്താവുമെന്ന് കാത്തിരുന്നു തന്നെ കാണേണ്ടി വരും. ഇക്കാലത്ത് ഇതിലൊന്നും അത്ഭുതപ്പെടാനൊന്നുമില്ല. ഇവിടെ നമുടെ രാജ്യത്തുമുണ്ടല്ലോ അനിയന്‍ ബാവയും ചേട്ടന്‍ ബാവയും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍