തൃശൂര്‍ നഗരത്തിലെ വെള്ളക്കെട്ട്: ആറാഴ്ചയ്ക്കകം വിദഗ്ധ സമിതി രൂപീകരിക്കണം: ഹൈക്കോടതി

തൃശൂര്‍: നഗരത്തിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുന്ന വെള്ളക്കെട്ട് മനുഷ്യനിര്‍മിതമാണെന്നും ഇതിനു പരിഹാരമുണ്ടാക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു കോര്‍പറേഷന്‍ കൗണ്‍സിലര്‍ എ.പ്രസാദ് നല്‍കിയ ഹര്‍ജിയില്‍ ആറാഴ്ചയ്ക്കകം വിദഗ്ധ സമിതി രൂപീകരിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മഴ പെയ്തുതോര്‍ന്നാലും തൃശൂര്‍ നഗരത്തിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുന്ന വെള്ളക്കെട്ട് മനുഷ്യനിര്‍മിതമാണെന്നും ഇതിനു കാരണമാകുന്നതു തൃശൂര്‍ കോള്‍മേഖലയിലെ അനധികൃത നിര്‍മാണങ്ങളാണെന്നും അശാസ്ത്രീയമായ ബണ്ട്, പാലം, കെട്ട് എന്നിവയുടെ നിര്‍മാണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് എ. പ്രസാദ് അഡ്വ. രാഗേഷ് ശര്‍മ മുഖേന ഹര്‍ജി സമര്‍പ്പിച്ചത്. തൃശൂര്‍ നഗരവാസികള്‍ മഴക്കാലത്തനുഭവിക്കുന്നതു യാതനയാണെന്നു ചൂണ്ടിക്കാട്ടിയ കോടതി വെള്ളക്കെട്ട് സംബന്ധിച്ച് ഉന്നയിച്ച വിഷയം യാഥാര്‍ഥ്യമാണെന്നും വിഷയം ഹര്‍ജിക്കാരനെ മാത്രമല്ല ഒരു നാടിനെത്തന്നെ ബാധിക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ചു. വളരെ ഗൗരവത്തോടുകൂടി സര്‍ക്കാര്‍ ഈ വിഷയത്തെ നോക്കിക്കാണണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മഴ മാറിയിട്ടും തൃശൂര്‍ നഗരത്തിലെ അയ്യന്തോള്‍, ഉദയനഗര്‍, മൈത്രി പാര്‍ക്ക്, പ്രിയദര്‍ശിനി ഹൗസിംഗ് കോളനി, ചേറ്റുപുഴ, പുല്ലഴി, പെരിങ്ങാവ്, ചെമ്പുക്കാവ്, പൂങ്കുന്നം തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ ആഴ്ചകളോളം ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ വെള്ളക്കെട്ടിനെ സംബന്ധിച്ച് കഴിഞ്ഞദിവസം ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണമാരാഞ്ഞിരുന്നു. കോള്‍പാടങ്ങളിലെ അനധികൃത നിര്‍മാണങ്ങളും കാനകളും കനാലുകളും മണ്ണിട്ടു മൂടുന്നതും ജലമൊഴുകി പോകേണ്ട കനാലുകളിലെ കുളവാഴ ശല്യവും, ജലത്തിന്റെ സ്വാഭാവികമായ ഒഴുക്കിനനുസരിച്ച് ഇടിയഞ്ചിറ, ഏനാമാവ് റഗുലേറ്ററ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനാകാത്തതുമുള്‍പ്പെടെയുള്ള കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് എ.പ്രസാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സംസ്ഥാന ജലവിഭവ വകുപ്പ് സെക്രട്ടറിയെ സ്വമേധയാ ഹര്‍ജിയില്‍ പ്രതിചേര്‍ത്ത ഹൈക്കോടതി സമയബന്ധിതമായി വിദഗ്ധ സമിതി രൂപീകരിക്കാനും ഹര്‍ജിക്കാരന്‍ ഉന്നയിച്ച കാര്യങ്ങളില്‍ പഠനം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. തൃശൂര്‍ ജില്ലയുടെ ജലവിനിയോഗത്തെ സംബന്ധിച്ച് ദീര്‍ഘകാലത്തേക്കുള്ള പഠനവും ആക്ഷന്‍ പ്ലാനും രൂപീകരിക്കുന്നതിനും ഹൈക്കോടതി നിര്‍ദേശം നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍