ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ

ന്യൂഡല്‍ഹി: അതിരൂക്ഷമായ വായു മലിനീകരണത്തില്‍ ഡല്‍ഹി ഗ്യാസ് ചേംബറായി. സുപ്രീംകോടതി നിയന്ത്രണത്തിലുള്ള പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ മാസം 5 വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കി. സ്‌കൂളുകള്‍ക്ക് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അവധി നല്‍കി. ശൈത്യകാലത്ത് പടക്കം പൊട്ടിക്കുന്നതും അതോറിട്ടി നിരോധിച്ചു. ദീപാവലിയോട നുബന്ധിച്ച് വ്യാപകമായി പടക്കം പൊട്ടിച്ചതോടെയാണ് അന്തരീക്ഷ വായു അപകടകരമാം വിധം മലിനമായത്. കറുത്തിരുണ്ട നിലയിലായിരുന്നു ആകാശം. മലിനീകരണം അതിരൂക്ഷമായതിനെ തുടര്‍ന്ന് സ്‌കൂളുകളില്‍ 50 ലക്ഷം മാസ്‌കുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തിരുന്നു. ജനുവരിക്ക് ശേഷം ആദ്യമായാണ് മലിനീകരണ തോത് ഇത്രയധികം വര്‍ദ്ധിക്കുന്നത്. അന്തരീക്ഷത്തില്‍ കാഴ്ച മറയ്ക്കുകയും ശ്വാസകോശത്തെ ബാധിക്കുകയും ചെയ്യുന്ന വിഷകണങ്ങളുടെ (പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 2.5) തോത് ആപത്കരമായി വര്‍ദ്ധിച്ചു. വായുവിന്റെ ഗുണനിലവാര സൂചിക 740 ല്‍ എത്തി. 500ന് മുകളില്‍ വന്നാല്‍ അടിയന്തരാവസ്ഥയാണ്. മൂടല്‍മഞ്ഞ് കാരണം ജനങ്ങള്‍ക്ക് ശ്വാസതടസവും ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യാ ഗേറ്റ് പരിസരത്താണ് ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലും അന്തരീക്ഷ മലിനീകരണം രൂക്ഷമാണ്. വരും ദിവസങ്ങളില്‍ വായു കൂടുതല്‍ മലിനമാകുമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രവചിച്ചിരുന്നു. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ വിളവ് കഴിഞ്ഞ് വയ്‌ക്കോല്‍ കത്തിക്കുന്നതും ദീപാവലിക്ക് പടക്കം പൊട്ടിച്ചതുമാണ് നഗരത്തെ ഗ്യാസ് ചേംബറാക്കിയത്. അയല്‍ സംസ്ഥാനങ്ങളായ ഹരിയാനയിലും പഞ്ചാബിലും സ്ഥിതി മോശമാണ്. ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളോട് മലിനീകരണം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ നോട്ടീസ് നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍