അനുജനെ കൊലപ്പെടുത്തിയ കേസില്‍ ജ്യേഷ്ഠന് ജീവപര്യന്തം കഠിന തടവ്

 തിരുവനന്തപുരം: കല്ലറ സ്വദേശി രബീഷിനെ കൊലപ്പെടുത്തിയ കേസില്‍ ജ്യേഷ്ഠന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. സഹോദരനായ പ്രവീഷിനെയാണ് നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഷിജു ഷെയ്ക്ക് ശിക്ഷിച്ചത്. 2015ഫെബ്രുവരി 24നായിരുന്നു കേസിനാസ്പദമായ സംഭവം. അച്ഛന്‍ രഘുവിനൊപ്പമായിരുന്നു മരണപ്പെട്ട രബീഷും,പ്രതിയായ പ്രവീഷും താമസിച്ചിരുന്നത്. ഇവരുടെ അമ്മയുടെ മരണശേഷം പ്രതി മദ്യലഹരിയിലായിരുന്നു ദിവസവും വീട്ടില്‍ വന്നിരുന്നത്. വീട്ടിലെത്തിയ പ്രതി അച്ഛനെയും കൊല്ലപ്പെട്ട രബീഷിനെയും സ്ഥിരമായി ഉപദ്രവിക്കുമായിരുന്നു. അച്ഛനെ ക്രൂരമായി മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചതാണ് പ്രതിക്ക് സഹോദരനോട് വൈരാഗ്യമുണ്ടാകാന്‍ കാരണം. രാത്രി അച്ഛന്‍ പുറത്തുപോയ സമയത്ത് വീട്ടിനുള്ളില്‍ കിടക്കുകയായിരുന്ന രബീഷിനെ വെട്ടുകത്തി കൊണ്ട് കൊലപ്പെടുത്തി എന്നാണ് പോലീസ് കേസ്. അപകടാവസ്ഥയില്‍ കിടന്ന രബീഷിനെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഐസിയുവില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. 2015ല്‍ കിളിമാനൂര്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലപ്പെട്ട രബീഷിന്റെ പിതാവ് അടക്കം 26 സാക്ഷികളെയും, 26രേഖകളും, 19 തോണ്ടി മുതലുകളും പ്രോസിക്യൂഷന്‍ വിചാരണ സമയത്ത് പരിഗണിച്ചു. പ്രോസിക്യൂഷനെ വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വെമ്പായം എ.എ.ഹക്കിം, അഡ്വ.പ്രിയന്‍ എന്നിവര്‍ ഹാജരായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍