അജിത്തിനെ അനുനയിപ്പിച്ചത് കുടുംബാംഗങ്ങള്‍

മുംബൈ: കുടുംബാംഗങ്ങളുടെ ഇടപെടലാണ് അജിത് പവാറിന്റെ രാജിക്കു കാരണമായത്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ടെലിഫോണില്‍ അജിത് പവാറുമായി സംസാരിച്ചിരുന്നു. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ അജിത്തിനോട് ശരദ് പവാര്‍ ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ, ഭര്‍ത്താവ് സദാനന്ദ് സുലെ എന്നിവരുമായി സൗത്ത് മുംബൈയിലെ ഹോട്ടലില്‍ അജിത് പവാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വര്‍ഷയിലേക്ക് അജിത് പവാര്‍ പോയി. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവയ്ക്കുകയാണെന്ന് അറിയിച്ചു. ഇതോടെ ദേവേന്ദ്ര ഫഡ്‌നാവിസും രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി.അജിത് പവാറിനെ എന്‍സിപിയില്‍ തിരികെയെത്തിക്കാന്‍ പവാര്‍ കുടുംബാംഗങ്ങളെല്ലാം കിണഞ്ഞുശ്രമിച്ചിരുന്നു. ശനിയാഴ്ച സുപ്രിയ സുലെ അത്യന്തം വൈകാരികമായ അഭ്യര്‍ഥനയാണ് അജിത്തിനോടു നടത്തിയത്. കുടുംബാംഗമായ രോഹിത് പവാര്‍, മുതിര്‍ന്ന നേതാക്കളായ ജയന്ത് പാട്ടീല്‍, ദിലീപ് വല്‍സെ പാട്ടീല്‍, സുനില്‍ താത്കറെ, ഛഗന്‍ ഭുജ്ബല്‍ എന്നിവരും അജിത്തിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. പവാര്‍ കുടുംബം ശിഥിലമാകാന്‍ അനുവദിക്കരുതെന്ന് അജിത്തിനെ ബോധ്യപ്പെടുത്താനായെന്ന് ഛഗന്‍ ഭുജ്ബല്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍