സന്തോഷ്‌ട്രോഫി യോഗ്യതാ മത്സരങ്ങള്‍ക്ക് ഇന്നു കിക്കോഫ് ;കേരളം ആന്ധ്രയ്‌ക്കെതിരേ

കോഴിക്കോട്: സന്തോഷ്‌ട്രോഫി ഫുട്‌ബോള്‍ ദക്ഷിണ മേഖല യോഗ്യതാ മത്സരങ്ങള്‍ക്ക് ഇന്നു കോഴിക്കോട്ട് കിക്കോഫ്. വൈകിട്ട് നാലിന് ആതിഥേയരായ കേരളവും ആന്ധ്രയും തമ്മിലാണ് ആദ്യമത്സരം. കേരളം, ആന്ധ്ര, തമിഴ്‌നാട്, എന്നീ ടീമുകള്‍ എ ഗ്രൂപ്പിലും പുതുച്ചേരി, കര്‍ണാടക, തെലുങ്കാന ടീമുകള്‍ ബി ഗ്രൂപ്പിലും മത്സരിക്കും. ഗ്രൂപ്പ് ജേതാക്കള്‍ ഫൈനല്‍ റൗണ്ടില്‍ മത്സരിക്കും. ബിനോയ് പരിശീലിപ്പിക്കുന്ന കേരള ടീമില്‍ ക്യാപ്റ്റന്‍ വി. മിഥുന്‍ ഉള്‍പ്പെടെ സന്തോഷ്‌ട്രോഫി മുന്‍ താരങ്ങളായ രണ്ടുപേരാണുള്ളത്. പ്രഫഷണല്‍ ക്ലബ്ബിലെ റിസര്‍വ് ടീമില്‍നിന്നുള്ളവരാണു കൂടുതല്‍ പേരും. ചെന്നൈ എഫ്‌സി, ബംഗളൂരു എഫ്‌സി, ഗോകുലം കേരള ടീമുകളില്‍ കളിക്കുന്ന പുതുമുഖ നിരയ്‌ക്കൊപ്പം എസ്ബിഐയുടെയും കേരള പോലീസിന്റെയും പരിചയസമ്പന്നരായ താരങ്ങളും ടീമിലുണ്ട്. കേരളം യോഗ്യതനേടിയാല്‍ ഫൈനല്‍ റൗണ്ടിന് കോഴിക്കോട് വേദിയായി ആവശ്യപ്പെടുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.2017ല്‍ ദക്ഷിണ മേഖലാ മത്സരത്തിനു കോഴിക്കോട് ആതിഥ്യം വഹിച്ചിരുന്നു. മത്സരങ്ങള്‍ നടത്താന്‍ സ്റ്റേഡിയം അറ്റകുറ്റപ്പണികള്‍ നടത്തി പൂര്‍ണ സജ്ജമാണ്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി മത്സരം കാണാന്‍ അസോസിയേഷന്‍ അവസരം ഒരുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. മേയര്‍തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയാവും. വാര്‍ത്താസമ്മേളനത്തില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ടോമി കുന്നേല്‍, ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ടി.സി. അഹമ്മദ്, സെക്രട്ടറി പി. ഹരിദാസ്, ദുര്‍ഗാദാസ്, എം.എ. അബ്ദുള്‍ അസീസ് ആരിഫ് എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍