ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് പടിക്കു പുറത്ത്

 തിരുവനന്തപുരം: ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മാണവും വില്‍പനയും സൂക്ഷിക്കലും അടുത്ത ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് നിരോധിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഉപയോഗ ശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നമായി വളര്‍ന്ന സാഹചര്യത്തിലാണു നിരോധനം. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരേ പരിസ്ഥിതി സംരക്ഷണ നിയമം 1986 പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. കളക്ടര്‍മാര്‍ക്കും സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും നടപടിയെടുക്കാന്‍ അധികാരമുണ്ട്. നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് നിര്‍മാതാക്കള്‍, മൊത്തവിതരണക്കാര്‍, ചെറുകിട വില്‍പനക്കാര്‍ എന്നിവര്‍ക്ക് 10,000 രൂപ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ട്. രണ്ടാമതും നിയമം ലംഘിച്ചാല്‍ 25,000 രൂപയാണ് പിഴ. തുടര്‍ന്നും നിയമം ലംഘിച്ചാല്‍ 50,000 രൂപ പിഴയീടാക്കി സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കും. തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും ഇതിന് അധികാരം നല്‍കി. എക്‌സ്റ്റെന്റഡ് പ്രൊഡ്യൂസേഴ്‌സ് റെസ്‌പോണ്‍സിബിലിറ്റി പ്ലാന്‍ പ്രകാരം വില്‍പന നടത്തുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഉപയോക്താക്കളില്‍ നിന്നു തിരിച്ചുവാങ്ങി പണം നല്‍കാന്‍ ബിവറേജസ് കോര്‍പറേഷന്‍, കേരഫെഡ്, മില്‍മ, കേരള വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്.കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഖരമാലിന്യ മാനേജ്‌മെന്റ് ചട്ട പ്രകാരം വ്യവസായ പാര്‍ക്കുകളിലെ അഞ്ചു ശതമാനം ഭൂമി മാലിന്യ സംസ്‌കരണത്തിനും പുനഃചംക്രമണത്തിനുമായി മാറ്റിവയ്ക്കണം. ഇതു കര്‍ശനമായി നടപ്പാക്കാനും തീരുമാനിച്ചു.പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പരിസ്ഥിതി സൗഹൃദ ബാഗുകള്‍ ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകളെ വ്യവസായ വകുപ്പ് പ്രോത്സാഹിപ്പിക്കും. കയറ്റുമതിക്കായി നിര്‍മിച്ചിട്ടുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍, ആരോഗ്യപരിപാലന രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍, കമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക്കില്‍ നിന്നും നിര്‍മിച്ച വസ്തുക്കള്‍ (ഐഎസ് അല്ലെങ്കില്‍ ഐഎസ്ഒ 17088: 2008 ലേബല്‍ പതിച്ചത്) എന്നിവ നിരോധനത്തില്‍ നിന്ന് ഒഴിവാക്കി. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ധ സാങ്കേതിക സമിതി ഈ സമിതി സമര്‍പ്പിച്ച ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നിരോധനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍