ബൈക്ക് യാത്രക്കാരനെ ലാത്തിയെറിഞ്ഞ വീഴ്ത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം സസ്‌പെന്‍ഷനില്‍ മാത്രം ഒതുക്കരുത് എന്നാവശ്യം ശക്തം

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ നിര്‍ത്താത്തപോയ ബൈക്ക് യാത്രക്കാരനെ പോലീസ് ലാത്തിയെറിഞ്ഞു വീഴ്ത്തിയതിനെ തുടര്‍ന്നു ഗുരുതര പരുക്ക് പറ്റിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. കൊല്ലം കടയ്ക്കലിനു സമീപം ചിതറ കാഞ്ഞിരത്തും മൂട്ടില്‍ ഇന്നലെ ആയിരുന്നു സംഭവം. കിഴക്കും ഭാഗം പന്തു വിള ജാസ്മി മന്‍സിലില്‍ സിദ്ദിഖ് (19) ആണ് ഈ ക്രൂരതയ്ക്കിരയായത്. ലാത്തികൊണ്ട് ഏറില്‍ ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്ന കാറിലിടിച്ചാണ് സിദ്ധിഖിനു അപകടം സംഭവിച്ചത്. നീതിപാലകരുടെ പക്ഷത്തു നിന്നു ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണ്. ബൈക്ക് യാത്രക്കാരനുനേരെയുണ്ടായത്. ഹെല്‍മറ്റ് ധരിക്കാത്തത് കുറ്റമാണെങ്കിലും ലാത്തിയെറിഞ്ഞ് വീഴ്ത്താനുള്ള അധികാരം പോലീസിനു ആരാണ് നല്‍കിയത് എന്നാണ് പൊതുസമൂഹത്തില്‍ നിന്നുയരുന്ന ചോദ്യം. നിര്‍ത്താതെ പോയെങ്കില്‍ നമ്പര്‍ നോട്ടു ചെയ്ത് തുടര്‍ നടപടിയെടുക്കാവുന്നതാണ്. സഞ്ചരിച്ചുകൊണ്ടിരിക്കെ ബൈക്ക് യാത്രക്കാരന്റെ നേരെ ലാത്തി ചുഴറ്റിയെറിയുക എന്നത് അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. ജീവനു തന്നെ ഭീഷണിയാവുകയാണ് ചിലപോലീസുകാരുടെ ഇത്തരം വിക്രിയകള്‍. പത്തൊമ്പതു വയസ്സു മാത്രം പ്രായമുള്ള യുവാവാണ് തലയ്ക്ക് മാരകമായ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. പക്വതയോടെയും സംയമനത്തോടെയും കാര്യങ്ങള്‍ നിയന്ത്രിക്കേണ്ട പോലീസുകാരുടെ ഭാഗത്തു നിന്നുതന്നെ ലക്കുംലഗാനുമില്ലാത്ത പ്രവര്‍ത്തികള്‍ ഉണ്ടാകുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. സംഭവത്തിനു ഉത്തരവാദികളായ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യുകയും രണ്ടു പേരെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. സസ്‌പെന്റ് ചെയ്തതുകൊണ്ടോ സ്ഥലം മാറ്റിയതുകൊണ്ടോ ഇത്തരം നിരുത്തരവാദപരമായചെയ്തികള്‍ക്കു പരിഹാരമാകുന്നില്ലെന്നാണ് രാഷ്ട്രീയകക്ഷി ഭേദമന്യെ, സംഘടനാ ഭേദമന്യെ ഉയരുന്ന അഭിപ്രായം. ഏതു കുറ്റം ചെയ്താലും വെറും സസ്‌പെന്‍ ഷനില്‍ ഒതുക്കുന്ന രീതി തുടര്‍ ന്നുവരുന്നത് നല്ലതല്ല. ഏറിയാല്‍ അഞ്ചോ ആറോ മാസം സസ്‌പെന്‍ഷനില്‍ കഴിഞ്ഞ് ഇക്കൂട്ടര്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കും. തന്റെ ചെയ്തികളില്‍ ഒരു കുറ്റബോധവും പലരും കാട്ടാറില്ല എന്നതാണ് യഥാര്‍ത്ഥ്യം. സമൂഹവും ബന്ധപ്പെട്ടവരും ഈ വിഷയം മറക്കുകയും ചെയ്യും. സസ്‌പെന്‍ഷനു പുറമെ ഒരുവര്‍ഷമെങ്കിലും നീളുന്ന കൗണ്‍സലിംഗും ബോധവല്‍ക്കരണവും നല്‍കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. സ്ഥിതിഗതികളെ വളരെ ശാന്തതയോടും മനസംയമനത്തോടും നേരിടാന്‍ പ്രാപ്തിയുള്ളവരാക്കണം. അവര്‍ അതില്‍ വിജയിച്ചു കഴിഞ്ഞു എന്നു ബോദ്ധ്യപ്പെട്ടാല്‍ മാത്രമേ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാവൂ എന്ന സംവിധാനം കൊണ്ടുവരണമെന്നാണ് ജനങ്ങളുടെ ആവശ്യം. അല്ലാതെ കുറച്ചു മാസങ്ങള്‍ വീട്ടിലിരുത്തിയതുകൊണ്ട് ഒരു ഗുണവും ഇല്ല. മാത്രമല്ല ഇതൊക്കെ ഇത്രയേയുള്ളൂ എന്ന ധാരണയും വരും. സര്‍വീസില്‍ തിരിച്ചെടുത്താലും കുറച്ചു കാലമെങ്കിലും പൊതുജനങ്ങളുമായി നേരിട്ട് ഇടപെടാത്ത തസ്തികകളില്‍ വേണം നിയമനം. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ഒരു വീണ്ടുവിചാരത്തിനു ഇതു ഉപകരിക്കുമെന്നു മനശാസ്ത്രരംഗത്തെ വിദഗ്ധരും പറയുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍