ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങള്‍ക്ക് എതിരേ സുപ്രീംകോടതി

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണ വിഷയത്തില്‍ കേന്ദ്രത്തെയും ഡല്‍ഹി, പഞ്ചാബ് സര്‍ക്കാരുകളെയും നിര്‍ത്തിപ്പൊരിച്ച് സുപ്രീംകോടതി. ദന്തഗോപുരങ്ങളിലിരുന്ന് ഭരിക്കണമെന്ന് ആഗ്രഹിക്കുകയും ജനങ്ങളെ മരിക്കാന്‍ വിട്ടുകളയുകയുമാണ് സര്‍ക്കാരുകള്‍ ചെയ്യുന്നതെന്ന് ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി. മലിനീകരണം മൂലം ജനങ്ങളെ ഇങ്ങനെ മരിക്കാന്‍ വിട്ടുകൊടുക്കുമോയെന്നു ഇന്നലെയും ആവര്‍ത്തിച്ചു ചോദിച്ച കോടതി, രാജ്യത്തെ 100 വര്‍ഷം പിന്നിലേക്കു നയിക്കാനാണോ നിങ്ങള്‍ ശ്രമിക്കുന്നതെന്നും ചോദിച്ചു. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനായി നേരത്തെ നല്‍കിയ ഉത്തരവ് പാലിക്കാത്ത വിഷയത്തില്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിമാരെ ഇന്നലെ കോടതിയില്‍ വിളിച്ചുവരുത്തിയിരുന്നു. ഉത്തരവ് പാലിക്കാത്ത വിഷയത്തില്‍ ചീഫ് സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നു കോടതി വാക്കാല്‍ നിര്‍ദേശിച്ചെങ്കിലും നടപടികളിലേക്കു കടക്കുന്നതു മാറ്റിവച്ചു. അതേസമയം, പഞ്ചാബ് ചീഫ് സെക്രട്ടറിയെ രൂക്ഷമായ ഭാഷയിലാണ് കോടതി ശാസിച്ചത്. വയലുകളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ നശിപ്പിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഒരു പദ്ധതിയും തയാറാക്കിയിട്ടില്ലെന്നു പഞ്ചാബ് ചീഫ് സെക്രട്ടറി വിശദമാക്കിയതാണ് ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, ദീപക് ഗുപ്ത എന്നിവരെ ചൊടിപ്പിച്ചത്. നിങ്ങളെ ഇവിടെ വച്ചുതന്നെ സസ്‌പെന്‍ഡ് ചെയ്യുമെന്നു പറഞ്ഞ കോടതി, നിങ്ങളെങ്ങനെയാണ് പഞ്ചാബ് ചീഫ് സെക്രട്ടറിയായതെന്നും ചോദിച്ചു. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നതെന്നു നിങ്ങള്‍ മറന്നു പോകുന്നു. ഇതു പൂര്‍ണമായും നിങ്ങളുടെ പരാജയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.വയലുകളില്‍ തീയിടുന്ന സംഭവം കൂടുതലും പഞ്ചാബിലാണെന്നു കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കേസ് പരിഗണിച്ചപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതു പരിഗണിച്ചാണ് കോടതി പഞ്ചാബ് ചീഫ് സെക്രട്ടറിക്കെതിരേ ആഞ്ഞടിച്ചത്. വയലുകളില്‍ തീയിടുന്ന സംഭവത്തില്‍ കര്‍ഷകരില്‍നിന്നു പിഴ ഈടാക്കുന്നതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. കാര്‍ഷിക അവശിഷ്ടങ്ങള്‍ തീയിടുന്നതിനു പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അതിനോടു സഹകരിക്കാന്‍ കര്‍ഷകര്‍ തയാറാണ്. അങ്ങനെയുള്ളപ്പോള്‍ കര്‍ഷകരുമായി ചേര്‍ന്നു പുതിയ പദ്ധതികള്‍ തയാറാക്കുകയാണ് വേണ്ടത്. അല്ലാതെ, അവരെ ശിക്ഷിക്കുകയല്ല. കര്‍ഷകരുടെ താത്പര്യം സംരക്ഷിച്ചു കൊണ്ട് മൂന്നു മാസത്തിനുള്ളില്‍ സമഗ്രമായ പദ്ധതി തയാറാക്കണം. അതുമായി ചേര്‍ന്നു നില്‍ക്കുന്ന കര്‍ഷകര്‍ക്ക് പ്രോത്സാഹന ധനസഹായം നല്‍കുകയും വേണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍