വിവരാവകാശ നിയമത്തിനുമേല്‍ സര്‍ക്കാര്‍ കടന്നാക്രമണം: സോണിയ

ന്യൂഡല്‍ഹി: വിവരാവകാശ നിയമത്തിനുമേല്‍ മോദി സര്‍ക്കാര്‍ അവസാന കടന്നാക്രമണവും നടത്തുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വിവരാവകാശ കമ്മീഷണര്‍മാരുടെ അധികാരവും കാലാവധിയും കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. പുതിയ ഭേദഗതികളില്‍ നിന്നു വ്യക്തമാകുന്നത് ഒരു വിവരാവശ കമ്മീഷണര്‍ പോലും മോദി സര്‍ക്കാരിന്റെ ഇടപെലുകളില്‍ നിയന്ത്രണങ്ങളില്‍നിന്നും മുക്തമല്ലെന്നുമാണെന്നു സോണിയ ആരോപിച്ചു. വിവരാവകാശ നിയമഭേദഗതികള്‍ക്കെതിരേ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ശക്തമായി ശബ്ദം ഉയര്‍ത്തിയിരുന്നു. ഇനിയും ഇതിനെതിരേയുള്ള പ്രതിഷേധം ശക്തമായി തുടരും. ദേശതാത്പര്യത്തിന് വിരുദ്ധമായിട്ടുള്ള മോദി സര്‍ക്കാരിന്റെ എല്ലാ നീക്കങ്ങള്‍ക്കെതിരേയും കോണ്‍ഗ്രസ് ശക്തമായി പ്രതികരിക്കുമെന്നും സോണിയ പറഞ്ഞു.വിവരാവകാശ നിയമത്തിലൂടെ കഴിഞ്ഞ 13 വര്‍ഷമായി ജനാധിപത്യത്തിലെ ഏറ്റവും ശക്തമായ ഒരു വ്യവസ്ഥയ്ക്കാണ് രൂപം നല്‍കിയത്. എന്നാല്‍, തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കുന്നതിന് വിവരാവകാശ നിയമം മുഖ്യ പ്രതിബന്ധമായി മാറുമെന്നു തിരിച്ചറിഞ്ഞ മോദി സര്‍ക്കാര്‍ അതിനെ കടന്നാക്രമിക്കുകയാണെന്നും സോണിയ കുറ്റപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍