കുടുംബശ്രീ ബാങ്ക് വരാന്‍ സാധ്യത

 തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം 'കേരളാ ബാങ്ക് ' പിറക്കുന്നതിന് പിന്നാലെ, വനിതാ കൂട്ടായ്മയായ കുടുംബശ്രീയ്ക്കും ബാങ്കിംഗ് ലൈസന്‍സ് സ്വന്തമാക്കാന്‍ സുവര്‍ണാവസരം. സര്‍ക്കാര്‍ മനസുവച്ചാല്‍ കുടുംബശ്രീയ്ക്ക് റിസര്‍വ് ബാങ്കില്‍ നിന്ന് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിനുള്ള ലൈസന്‍സ് നേടാം.കഴിഞ്ഞ സാമ്പത്തികവര്‍ഷം കുടുംബശ്രീ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ 1.03 ലക്ഷം അയല്‍ക്കൂട്ടങ്ങള്‍ക്കായി 4,132കോടി രൂപയുടെ ബാങ്ക് വായ്പ എടുത്തിരുന്നു. 12.5 ശതമാനം വരെയാണ് പലിശ. വിവിധ ക്ഷേമപദ്ധതികള്‍ക്കായി കോടികളുടെ വായ്പ വേറെയുമുണ്ട്. മൈക്രോഫിനാന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, 200 കോടി രൂപ മൂലധനമുള്ള സ്ഥാപനങ്ങള്‍ക്ക് ചെറുബാങ്ക് ലൈസന്‍സ് നല്‍കാന്‍ റിസര്‍വ് ബാങ്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.43ലക്ഷം അംഗങ്ങളുള്ളതിനാല്‍, സര്‍ക്കാരിന്റെ പിന്തുണയോടെ കുടുംബശ്രീയ്ക്ക് ബാങ്കിംഗ് ലൈസന്‍സ് നേടാന്‍ എളുപ്പമാണെന്ന് ലീഡേഴ്‌സ് ആന്‍ഡ് ലാഡേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിനു ഏലിയാസ് പറഞ്ഞു. മൈക്രോഫിനാന്‍സ് രംഗത്ത് ഇരുപത് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും പദ്ധതികളുടെ നിര്‍വഹണ പരിചയവും റിസര്‍വ് ബാങ്ക് പരിഗണിക്കും. ബാങ്ക് വരുന്നതോടെ കുടുംബശ്രീയുടെ മുഖച്ഛായ മാറുമെന്നും അവര്‍ പറഞ്ഞു.2.91 ലക്ഷം അയല്‍ക്കൂട്ടങ്ങളിലായി 43.93 ലക്ഷത്തിലേറെ സ്ത്രീകള്‍ കുടുംബശ്രീയുടെ ഭാഗമാണ്. അയല്‍ക്കൂട്ടങ്ങള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കാന്‍ കഴിഞ്ഞവര്‍ഷം മാത്രം 52.59 കോടി രൂപയാണ് കുടുംബശ്രീ സബ്‌സിഡി നല്‍കിയത്. കുടുംബശ്രീ ബാങ്ക് വരുന്നതോടെ അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പകള്‍ക്കായി ബാങ്കുകളുടെ ഔദാര്യം കാക്കേണ്ട ഗതികേട് ഒഴിവാകും.ബഡ്ജറ്റ് വിഹിതത്തിനു പുറമെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ കുടുംബശ്രീയ്ക്കായി പദ്ധതിവിഹിതം നീക്കിവയ്ക്കുന്നുണ്ട്. ഇത് 500 കോടി രൂപയാക്കി ഉയര്‍ത്താന്‍ പങ്കാളിത്ത സംയോജിത പദ്ധതി ആസൂത്രണം കുടുംബശ്രീ നടപ്പാക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ വിഹിതമോ സര്‍ക്കാര്‍ വിഹിതമോ മാത്രം ചൂണ്ടിക്കാട്ടിയാലും കുടുംബശ്രീയ്ക്ക് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിനായി അപേക്ഷിക്കാനാവും.43ലക്ഷം സ്ത്രീകളെ അംഗങ്ങളാക്കാമെന്നതിനാല്‍ ഇന്‍ഷ്വറന്‍സ്, നിക്ഷേപം, വായ്പാ രംഗങ്ങളില്‍ കുടുംബശ്രീ ബാങ്കിന് മുന്നേറ്റമുണ്ടാക്കാനാവും. 2.29ലക്ഷം ഗ്രാമീണ അയല്‍ക്കൂട്ടങ്ങളുള്ളതിനാല്‍ ഗ്രാമപ്രദേശങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കാനാവും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍