സാമ്പത്തിക മാന്ദ്യം; കേന്ദ്രത്തിനെതിരേ കോണ്‍ഗ്രസ് കടുത്ത പ്രതിഷേധത്തിന്

ന്യൂഡല്‍ഹി: തൊഴിലില്ലായ്മ, കമ്പനികള്‍ അടച്ചുപൂട്ടല്‍ തുടങ്ങിയവ മുന്നില്‍ നിര്‍ത്തി രാജ്യത്തെ സാമ്പത്തിക മാന്ദ്യ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ കടുത്ത പ്രതിഷേധമുയര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനം. പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ കൊണ്ടുവരുന്ന പൗരത്വ നിയമ ഭേദഗതിയെയും കോണ്‍ഗ്രസ് എതിര്‍ക്കുമെന്ന് മുതിര്‍ന്ന നേതാവ് അറിയിച്ചു. ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ വിജയത്തിലുള്ള ആത്മവിശ്വാസത്തിലാണ് നവംബര്‍ 23 മുതലുള്ള പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലേക്കു നരേന്ദ്ര മോദി സര്‍ക്കാര്‍ കടക്കുന്നത്. സര്‍ക്കാരിനെതിരേ ഉയര്‍ത്തിയ വിഷയങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതിന്റെ വിജയമാണ് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു ലഭിച്ചതെന്നും പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.എന്നാല്‍, ജനങ്ങളുടെ വിഷയങ്ങളല്ല തെരഞ്ഞെടുപ്പുകളില്‍ ചര്‍ച്ചയായതെന്നും വിഷയങ്ങള്‍ തള്ളിക്കളയുന്നതല്ല, പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണു വേണ്ടതെന്നും കോണ്‍ഗ്രസ് പറയുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യ വിഷയം പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാട്ടുന്നതെന്നും രാജ്യത്ത് ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്കു പ്രധാന കാരണം സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങളുടെ പരാജയമാണെന്നും നേതാക്കള്‍ വിശദമാക്കുന്നു. പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തുന്നതിനൊപ്പം നവംബര്‍ അഞ്ചു മുതല്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. നവംബര്‍ ഒന്നു മുതല്‍ എട്ടു വരെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ 35 പത്രസമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കുമെന്നും കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി രണ്‍ദീപ് സുര്‍ജെവാല വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍