90 ലക്ഷം തൊഴില്‍ നഷ്ടം

 ന്യൂഡല്‍ഹി: 2018 മാര്‍ച്ചില്‍ അവസാനിച്ച ആറ് വര്‍ഷംകൊണ്ട് രാജ്യത്ത് നഷ്ടമായത് 90 ലക്ഷം തൊഴിലുകള്‍. 240 ലക്ഷം തൊഴില്‍ വര്‍ധിച്ചുവെന്ന സര്‍ക്കാര്‍ വാദം കള്ളമാണെന്ന് പഠനറിപ്പോര്‍ട്ട്. 2011-2012ല്‍ 47.4 കോടി പേര്‍ക്ക് തൊഴില്‍ ഉണ്ടായിരുന്നത് 201718ല്‍ 46.5 കോടിയായി കുറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു)യിലെ ഡോ. സന്തോഷ് മെഹറോത്രയും സെന്‍ട്രല്‍ യൂണിവഴ്‌സിറ്റി ഓഫ് പഞ്ചാബിലെ ഡോ. ജജാതി കെ. പരീഡയും ചേര്‍ന്നുനടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അസിം പ്രേംജി യൂണിവേഴ്‌സിറ്റിയുടെ സെന്റര്‍ ഓഫ് സസ്‌റ്റൈനബിള്‍ എംപ്ലോയ്‌മെന്റ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. നേരത്തെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേകസമിതി, ഡോ. ലവീഷ് ഭണ്ഡാരി, ഡോ.അമരീഷ് ദുബെ എന്നിവരെക്കൊണ്ടുനടത്തിയ പഠനമാണു തൊഴില്‍ കൂടിയെന്ന റിപ്പോര്‍ട്ട് നല്‍കിയത്. 2011 -2012ല്‍ 43.3 കോടി തൊഴില്‍ ഉണ്ടായിരുന്നത് 2017-2018ല്‍ 4.7 കോടിയായെന്ന് അവര്‍ പറഞ്ഞു. ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ (എന്‍എസ്എസ്ഒ) ആനുകാലിക തൊഴില്‍ സര്‍വേ ആധാരമാക്കിയാണ് രണ്ടു പഠനങ്ങളും. കാര്‍ഷിക മേഖലയില്‍ പ്രതിവര്‍ഷം 45 ലക്ഷം തൊഴില്‍ നഷ്ടപ്പെട്ടതായി മെഹറോത്രയും പരീഡയും പറയുന്നു. മൊത്തം 2.7 കോടി തൊഴില്‍ ആറ് വര്‍ഷം കൊണ്ട് നഷ്ടപ്പെട്ടു. ഫാക്ടറികളില്‍ മൊത്തം 35 ലക്ഷം തൊഴില്‍ ഇല്ലാതായി. സേവനമേഖലയിലെ വര്‍ധനകൊണ്ടാണ് മൊത്തം തൊഴില്‍ നഷ്ടം 90 ലക്ഷമായി കുറഞ്ഞത്. വിദ്യാഭ്യാസം കൂടുംതോറും തൊഴിലില്ലായ്മ വര്‍ധിക്കുന്നതായും അവരുടെ പഠനം പറയുന്നു. ബിരുദാനന്തര ബിരുദമുള്ളവരില്‍ 36.2 ശതമാനവും ബിരുദധാരികളില്‍ 35.8 ശതമാനവും തൊഴില്‍രഹിതരാകും. പ്ലസ്ടു കഴിഞ്ഞവരില്‍ 24 ശതമാനവും 10ാം ക്ലാസ് കഴിഞ്ഞവരില്‍ 14.4 ശതമാനവും തൊഴിലില്ലാത്തവരാണ്. മിഡില്‍ ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളവരില്‍ 13.7 ശതമാനമാണ് തൊഴിലില്ലാത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍