മരട് ബില്‍ഡര്‍മാര്‍ 61.50 കോടി കെട്ടിവയ്ക്കണം:സുപ്രീംകോടതി

ന്യൂഡല്‍ഹി: മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി നാല് ഫ്‌ളാറ്റ് നിര്‍മ്മാതാക്കളും 61.50 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് കൈമാറാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. അതേസമയം തുക കെട്ടിവയ്ക്കുന്നതു വരെ കാത്തിരിക്കേതില്ലെന്നും, നഷ്ടപരിഹാരം എത്രയുംവേഗം കൈമാറണമെന്നും നിര്‍ദ്ദേശിച്ചു.മുന്‍ ഉത്തരവുകള്‍ അനുസരിച്ച് ഫ്‌ളാറ്റ് പൊളിക്കലുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം. ബില്‍ഡര്‍മാര്‍ക്കെതിരെ മറ്റ് സിവില്‍, ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഫ്‌ളാറ്റ് ഉടമകള്‍ക്ക് കോടതി അനുമതി നല്‍കി.
നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവ് ഈ നടപടികളെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. നഷ്ടപരിഹാരം നല്‍കാനായി സ്വത്തുക്കള്‍ വില്‍ക്കാന്‍ അനുമതി തേടി കെട്ടിട നിര്‍മ്മാതാക്കളായ ഹോളിഫെയ്ത്ത് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സും ആല്‍ഫ വെഞ്ചേഴ്‌സും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇവരോട് ബാലകൃഷ്ണന്‍നായര്‍ സമിതിയെ സമീപിക്കാന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. അപേക്ഷ പരിശോധിച്ച് സമിതിക്ക് ഉചിതമായ തീരുമാനമെടുക്കാം. എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ സമിതിക്ക് സുപ്രീംകോടതിയെ സമീപിക്കാം. ജനുവരി രണ്ടാംവാരം ഹര്‍ജി വീണ്ടും പരിഗണിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍