ഇന്ത്യയുടെ കാത്തിരിപ്പിന് അവസാനം, 6104 കോടി റഷ്യക്ക് കൈമാറി: ആകാശകാവല്‍ അതിര്‍ത്തിയില്‍ ഉടനെത്തും

ന്യൂഡല്‍ഹി: ഏറ്റവും കരുത്തുറ്റ ഉപരിതലആകാശ പ്രതിരോധ സംവിധാനമായ എസ്400 ട്രയംഫ് മിസൈല്‍ വാങ്ങുന്നതിനായുള്ള പണം ഇന്ത്യ റഷ്യക്ക് നല്‍കി തുടങ്ങി. തുടക്കത്തില്‍ 850 ദശലക്ഷം ഡോളറാാണ് (ഏകദേശം 6104കോടി രൂപ) ഇന്ത്യ റഷ്യക്ക് കൈമാറിയത്. അമേരിക്കയുടെ ഉപരോധ ഭീഷണികള്‍ക്ക് വഴങ്ങാതെയാണ് ഇന്ത്യ റഷ്യയില്‍ നിന്നും മിസൈല്‍ വാങ്ങാന്‍ തീരുമാനിച്ചത്. എസ്400ന്റെ ആദ്യ യൂണിറ്റുകള്‍ 18 മാസത്തിനുള്ളില്‍ ഇന്ത്യയില്‍ എത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചാരവിമാനങ്ങള്‍, ബോംബറുകള്‍, യുദ്ധവിമാനങ്ങള്‍, മിസൈലുകള്‍, 380 കി.മീ വരെ ദൂരപരിധിയിലുള്ള ഡ്രോണുകള്‍ തുടങ്ങിയവ കണ്ടെത്തി നശിപ്പിക്കാന്‍ തക്ക ശേഷിയുള്ളവയാണ് റഷ്യയില്‍ വികസിപ്പിച്ചെടുത്ത എസ്400 ട്രയംഫ് മിസൈലുകള്‍. കരയില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈല്‍സംവിധാനം (എസ്.എ.എം) ആണിത്. ഇന്ത്യക്കെതിരെ ഉപരോധം കൊണ്ടുവരാനുള്ള അമേരിക്കയുടെ നീക്കങ്ങളെ ചെറുത്ത് എല്ലാ പഴുതുകളും അടച്ചിട്ടാണ് ഇന്ത്യ റഷ്യയ്ക്ക് പണം കൈമാറിയിരിക്കുന്നത്. റഷ്യയുമായി ഒപ്പുവച്ച ആയുധകരാര്‍ റദ്ദാക്കാന്‍ പലവഴികളും അമേരിക്ക ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇപ്പോള്‍ ഇടപാടിന്റെ 15 ശതമാനം തുകയാണ് ഇന്ത്യ റഷ്യക്ക് കൈമാറിയത്. ഇതിനിടെ റഷ്യയില്‍ നിന്ന് എസ്400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിച്ച് പാക് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ദക്ഷിണേഷ്യയെ അസ്ഥിരപ്പെടുത്താനേ ഇന്ത്യയുടെ തീരുമാനം ഉപകരിക്കുകയുള്ളൂവെന്ന് പാക് വിദേശകാര്യ മന്ത്രാലായം വ്യക്തമാക്കിയിരുന്നു. 2018 ഒക്ടോബറില്‍ റഷ്യയിലെ മോസ്‌കോയില്‍നടന്ന 19ാമത് ഇന്ത്യ റഷ്യ സൈനികസഹകരണ ചര്‍ച്ചയിലാണ് അത്യാധുനിക മിസൈലുകള്‍ വാങ്ങാനുള്ള തീരുമാനമായത്. അമേരിക്കയുടെ ഉപരോധഭീഷണി അവഗണിച്ചായിരുന്നു ഇത്. 2020നും 23നും ഇടയില്‍ മിസൈലുകള്‍ കൈമാറാനാണ് കരാര്‍. റഷ്യയുമായുള്ള കരാറിന് പുറമെ, 59,000 കോടി മുടക്കി ഫ്രാന്‍സില്‍നിന്നു വാങ്ങുന്ന റഫാല്‍ യുദ്ധവിമാനങ്ങളും കൂടിയെത്തുന്നതോടെ ഇന്ത്യയുടെ സൈനികശക്തി വലിയതോതിലാണ് വര്‍ദ്ധിക്കുക. അമേരിക്കയ്ക്ക് പോലും പരീക്ഷിക്കാന്‍ കഴിയാത്ത ടെക്‌നോളജിയാണ് എസ്400 ട്രയംഫില്‍ റഷ്യ ഉപയോഗിച്ചിരിക്കുന്നത്. ചൈനയും സമാനമിസൈല്‍ സംവിധാനം റഷ്യയില്‍നിന്ന് വാങ്ങിയിരുന്നു. അതേസമയം, അഞ്ച് എസ്400 യൂണിറ്റുകളുടെയും ഡെലിവറി ഷെഡ്യൂള്‍ 2025 ലേക്ക് വൈകുന്നത് സംബന്ധിച്ച് ചില ആശങ്കകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പണമടച്ചതോടെ ആദ്യത്തെ സിസ്റ്റം 16 മുതല്‍ 18 മാസത്തിനുള്ളില്‍ വിതരണം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍