'സര്‍ക്കാര്‍ ഹാക്കര്‍മാര്‍' 500 ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഗൂഗിള്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ പിന്തുണയുള്ള ഹാക്കര്‍മാര്‍ ഇന്ത്യയിലെ അഞ്ഞൂറോളം ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ഗൂഗിളിന്റെ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കുന്നു. ഗൂഗിളിന്റെ ഏറ്റവും പുതിയ 'ത്രെട്ട് അനാലിസിസ് ഗ്രൂപ്പ് (ടി.എ.ജി )' റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പ്. ഇസ്രയേല്‍ ചാരസോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ 121പേരുടെ വാട്‌സാപ്പ് ചോര്‍ത്തിയെന്ന റിപ്പോര്‍ട്ട് വിവാദമായതിനു പിന്നാലെയാണു ഗൂഗിളിന്റെ ഈ വെളിപ്പെടുത്തല്‍. ജൂലൈ സെപ്റ്റംബര്‍ മാസത്തിനിടെ സര്‍ക്കാര്‍ പിന്തുണയുള്ള ഹാക്കര്‍മാര്‍ 149 രാജ്യങ്ങളിലെ 12,000 ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നും ഇതില്‍ അഞ്ഞൂറോളം പേര്‍ ഇന്ത്യയിലാണെന്നും ടി.എ.ജി പ്രതിനിധി ഷെയ്ന്‍ ഹണ്ട്‌ലി പറയുന്നു. 'സര്‍ക്കാര്‍ പിന്തുണയുള്ള ഹാക്കര്‍മാര്‍' എന്നാണ് പറയുന്നതെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടില്ല. വിവിധ രാഷ്ട്രങ്ങളുടെ പിന്തുണയുള്ള ഒട്ടേറെ ഹാക്കിംഗ് ഗ്രൂപ്പുകളുണ്ട്. ഇവര്‍ക്ക് അതത് സര്‍ക്കാരുകള്‍ തന്നെ ഫണ്ടും ആധുനിക സങ്കേതങ്ങളും നല്‍കും. ആരെയാണു ഹാക്ക് ചെയ്യേണ്ടതെന്നു നിര്‍ദ്ദേശിക്കുന്നതും സര്‍ക്കാരാണ്. വിവിധ രാജ്യങ്ങളില്‍ സൈബര്‍ ആക്രമണത്തിന് ഹാക്കര്‍മാരെ വളര്‍ത്തുന്നതില്‍ റഷ്യ, ഉത്തരകൊറിയ, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളാണു മുന്നില്‍. 'സാന്‍ഡ്‌വേം' എന്ന റഷ്യന്‍ സംഘത്തിന്റെ ഹാക്കിംഗ് ശ്രമങ്ങളും ഗൂഗിള്‍ റിപ്പോര്‍ട്ടിലുണ്ട്. ഉക്രെയ്‌നും ദക്ഷിണ കൊറിയയ്ക്കും നേരെ നടന്ന ആക്രമണങ്ങളില്‍ പ്ലേ സ്റ്റോര്‍ വഴി നുഴഞ്ഞു കയറാന്‍ സാന്‍ഡ്‌വേം ശ്രമിച്ചിരുന്നു. നൂറിലേറെ രാജ്യങ്ങളിലെ ഹാക്കിംഗിന്റെ ചാര്‍ട്ടും ഗൂഗിള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്തിനാണ് ഇന്ത്യാക്കാരെ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചതെന്നും ശ്രമം വിജയിച്ചോയെന്നും ഗൂഗിള്‍ റിപ്പോര്‍ട്ടിലില്ല. ആരെയാണ് ഉന്നമിട്ടതെന്നു വ്യക്തമല്ലെങ്കിലും മാദ്ധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്കാണു പ്രധാനമായും മുന്നറിയിപ്പെന്ന് ഗൂഗിള്‍ പറയുന്നു. ഹാക്കിംഗിനെ ചെറുക്കുന്ന ഗൂഗിളിന്റെ അഡ്വാന്‍സ്ഡ് സെക്യൂരിറ്റി സൗകര്യം ഉപയോഗപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍