ഐ.ഒ.സി റീട്ടെയില്‍ ഔട്ട്‌ലെറ്റിനായി 500 കോടി നിക്ഷേപിക്കും

കൊല്ലം: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.8 ലക്ഷം ടണ്‍ എല്‍.പി.ജി സിലിണ്ടറുകള്‍ കേരളത്തില്‍ വിറ്റഴിച്ചതായി ഐ.ഒ.സി കേരള ചീഫ് ജനറല്‍ മാനേജര്‍ വി.സി.അശോകന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 5 ലക്ഷം ടണ്ണാണ് നടപ്പുവര്‍ഷത്തെ ലക്ഷ്യം. മൂന്ന് വര്‍ഷത്തിനുള്ളില്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റ് വിപുലീകരണത്തിനായി 500 കോടി രൂപ നിക്ഷേപിക്കും.ഇന്റഗ്രേറ്റഡ് എല്‍.എന്‍.ജി തിരുവനന്തപുരം ആനയറയില്‍ ഉടന്‍ ആരംഭിക്കും. 52 ലക്ഷത്തോളം ഉപഭോക്താക്കള്‍ ഇന്‍ഡേന്‍ എല്‍.പി.ജിക്ക് കേരളത്തിലുണ്ട്. വിഷന്‍ റീഡര്‍ ഫയര്‍ എന്‍ജിന്‍, കൊല്ലം പാരിപ്പള്ളിയില്‍ മൂന്നുമാസത്തിനകം ആരംഭിക്കുന്ന 425 കിലോയുടെ സിലിണ്ടര്‍ ഫില്ലിംഗ് സിസ്റ്റം, കൊച്ചി ബോട്ടിലിംഗ് പ്ലാന്റിലെ ഓട്ടോമേറ്റഡ് ട്രക്ക് ലോഡിംഗ് തുടങ്ങിയ പദ്ധതികള്‍ക്കായി 30.34 കോടി രൂപയും കൊല്ലം പാരിപ്പള്ളി പ്ലാന്റിലെ ഷെഡ് വികസനം, കൊച്ചി പ്ലാന്റിലെ ഡീബോട്ടിലിംഗ് നെക്കിംഗ്, കൊച്ചി പ്ലാന്റിലെ 180 കെ.വി സോളര്‍ കാര്‍ പോര്‍ട്ട്, 750 കെ.വി സോളര്‍ ഫാം എന്നിവയ്ക്കായി 47.81 കോടി രൂപയും മാറ്റി വച്ചിട്ടുണ്ട്. നടപ്പുവര്‍ഷം ഐ.ഒ.സിയുടെ 912 റീട്ടെയില്‍ ഔട്ട്‌ലറ്റുകളും പൂര്‍ണമായി ഓട്ടോമേറ്റഡ് ആക്കും. എല്‍.പി.ജിക്ക് പുറമേ സംസ്ഥാനത്തെ ആദ്യ ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷന്‍ ഇടപ്പള്ളിയില്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. എല്‍.പി.ജി വിഭാഗം ജനറല്‍ മാനേജര്‍ സി.എന്‍.രാജേന്ദ്രകുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ടി.ഡി.സാബു, സതേണ്‍ റീജിയണ്‍ ജനറല്‍ മാനേജര്‍ ആര്‍. ചിദംബരം, കൊല്ലം ബോട്ടിലിംഗ് പ്ലാന്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രവിഗോവിന്ദന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍