വിശ്രമകേന്ദ്രങ്ങള്‍ വഴി 50 കോടിയോളം വരുമാനം: മന്ത്രി സുധാകരന്‍

 പയ്യന്നൂര്‍: പുനര്‍നിര്‍മാണവും നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കുന്നതോടെ വിശ്രമകേന്ദ്രങ്ങള്‍ വഴി കേരളത്തിനു 50 കോടിയോളം രൂപയുടെ വരുമാനം ലഭിക്കുമെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. പയ്യന്നൂര്‍ കൊറ്റിയില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന പൊതുമരാമത്ത് വിശ്രമകേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത് വകുപ്പിന്റെ സ്വന്തം ഉടമസ്ഥതയിലുള്ള ഒന്നരയേക്കര്‍ സ്ഥലത്താണു വിശ്രമ മന്ദിരത്തിന്റെ പുതിയ കെട്ടിടം നിര്‍മിക്കുന്നത്. നിലവില്‍ ആറു മുറികളാണുള്ളത്. ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സിആര്‍പിഎഫ്, പെരിങ്ങോം ഗവ.കോളജ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗപ്പെടുന്നതും കാന്റീന്‍ സൗകര്യത്തോടെയുമാണു പുതിയ കെട്ടിടം നിര്‍മിക്കുക. ചരിത്ര പ്രാധാന്യമുള്ള നിലവിലെ കെട്ടിടം നിലനിര്‍ത്തിയാണു രണ്ടുകോടി ചെലവില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി വിശിഷ്ടാതിഥിയായി. സി. കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. ഉത്തരമേഖല കെട്ടിട വിഭാഗം സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ ദിലീപ് ലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പയ്യന്നൂര്‍ നഗരസഭാധ്യക്ഷന്‍ ശശി വട്ടക്കൊവ്വല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി. നൂറുദീന്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം ചീഫ് എന്‍ജിനിയര്‍ ഹൈജിന്‍ ആല്‍ബര്‍ട്ട്, കെട്ടിട ഉപവിഭാഗം അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ യു.എസ്. ഷൈല, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍