തൃശൂരില്‍ രണ്ടിടങ്ങളില്‍ വാഹനാപകടം; 4 മരണം

 തൃശൂരില്‍ രണ്ടിടങ്ങളില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ വാഹനാപകടങ്ങളില്‍ നാല് പേര്‍ മരിച്ചു. ഒരാളെ കാണാതായി. തൃശൂര്‍ വാണിയംപാറയില്‍ കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് വൈറ്റില സ്വദേശിനി ഷീല (50), ഭര്‍ത്താവ് ബെന്നി ജോര്‍ജ് (52) എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ 2.30നായിരുന്നു അപകടം.ദേശീയ പാതയോട് ചേര്‍ന്ന കുളത്തിലേക്കാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വീണത്. വാഹനമോടിച്ചിരുന്ന ഇവരുടെ സുഹൃത്ത് ശശി കര്‍ത്ത അത്ഭുതകരമായി രക്ഷപ്പെട്ടു. കോയമ്പത്തൂരില്‍ നിന്ന് ദക്ഷിണ മേഖലാ റോട്ടറി ക്ലബ്ബിന്റെ മീറ്റിങ് കഴിഞ്ഞ് കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. പുലര്‍ച്ചെ നാലരയോടെയാണ് കാര്‍ കുളത്തില്‍ നിന്ന് പുറത്തെടുത്തത്. ഷീലയുടെ മൃതദേഹം കാറിലുണ്ടായിരുന്നു. രാവിലെ ആറരയോടെയാണ് ബെന്നി ജോര്‍ജിന്റെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തിയത്. പാലക്കാടു നിന്നുള്ള സ്‌കൂബ ടീം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മുന്നിലുണ്ടായിരുന്ന ലോറി പെെട്ടന്ന് ബ്രേക്കിട്ടപ്പോള്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചതാണ് അപകട കാരണമെന്ന് അറിയുന്നു. പെരിഞ്ഞനത്ത് സ്‌കൂട്ടറില്‍ അജ്ഞാത വാഹനമിടിച്ച് രണ്ടുപേര്‍ മരിച്ചു. ആലുവ സ്വദേശികളായ ശ്രീമോന്‍ (15), ദില്‍ജിത്ത് (20) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 2.40ന് ദേശീയപാതയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍