നിലയ്ക്കല്‍ പമ്പചെയിന്‍ സര്‍വീസിന് ആദ്യദിനത്തില്‍ 34 ലക്ഷം രൂപ വരുമാനം

ശബരിമല:ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോടുബന്ധിച്ച് കെഎസ്ആര്‍ടിസി നിലയ്ക്കല്‍ പമ്പ ചെയിന്‍ സര്‍വീസിനായി 100 ബസുകളെത്തി.ചെയിന്‍ സര്‍വീസ് പൂര്‍ണക്ഷമമായവൃശ്ചികം ഒന്നിന് മാത്രം 34 ലക്ഷം രൂപയാണ് ചെയിന്‍ സര്‍വീസിന് ലഭിച്ചത്. 24 മണിക്കൂറും ചെയിന്‍ സര്‍വീസ് സേവനം തീര്‍ഥാടകര്‍ക്ക് ലഭിക്കും. ദൂരത്ത് നിന്നുമെത്തുന്നവര്‍ക്ക് ഈ സര്‍വീസ് ഏറെ പ്രയോജനപ്പെടുന്നുണ്ട്. ചെയിന്‍ സര്‍വീസുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് സേവനം നിലവിലില്ല. കണ്ടക്ടര്‍മാരെ എല്ലാ ബസുകളിലും നിയോഗിച്ചതിനാല്‍ കൗണ്ടറില്‍ ക്യൂ നിന്ന് ടിക്കറ്റെടുക്കേണ്ട ആവശ്യമില്ല.നിലയ്ക്കല്‍ പമ്പ ചെയിന്‍ സര്‍വീസിന് ഒരാള്‍ക്ക് എസി ബസിന് ടിക്കറ്റ് നിരക്ക് 75 രൂപയും നോണ്‍ എസി ടിക്കറ്റ് ചാര്‍ജ് 40 രൂപയുമാണ്. സ്വകാര്യവാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും നിലവില്‍ നിലയ്ക്കലില്‍ വരെ മാത്രമേ പ്രവേശനമുള്ളൂ. ഇവിടെ സജ്ജീകരിച്ചിരിക്കുന്ന പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതിന് ശേഷം തീര്‍ഥാടകര്‍ നിലയ്ക്കല്‍ പമ്പ ചെയിന്‍ സര്‍വീസാണ് ഉപയോഗിക്കുക. മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മാലിന്യം, കാട്ടുതീ എന്നിവ തടയുന്നതിനായി തീര്‍ഥാടകര്‍ക്കായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പമ്പ മുതല്‍ സന്നിധാനം വരെയുള്ള കാനനപാതകളിലാണു ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. റേഡിയോ സന്ദേശങ്ങള്‍ വഴിയും വിവിധ ഭാഷകളിലുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചുമാണു ബോധവത്കരണം നടത്തുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് എന്നീ ആറുഭാഷകളിലാണു ബോധവത്ക്കരണം നടത്തുന്നത്. ഇതിനുപുറമെ ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ഇക്കോ ഗാര്‍ഡുകളുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും സേവനവും ലഭ്യമാണ്. സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഭക്ഷ്യപൊതുവിതരണ വകുപ്പ് സ്‌ക്വാഡുകളെ നിയോഗിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് തയാറാക്കിയ ഭക്ഷണ സാധനങ്ങളുടെ വിലവിവര പട്ടിക എല്ലാ ഭക്ഷണശാലകളിലും കടകളിലും പ്രസിദ്ധപ്പെടുത്തും. അമിതവില ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. ഹോട്ടലുകളിലും കടകളിലും സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തും.ഭക്ഷണ സാധനങ്ങളുടെ അളവും വിലയും പരിശോധിക്കുന്നതിനും നിയമലംഘനം നടത്തുന്നവരെ കണ്ടെത്തുന്നതിനും ലീഗല്‍ മെട്രോളജി വകുപ്പ് സന്നിധാനം, പമ്പ നിലയ്ക്കല്‍, ളാഹ മുതല്‍ ജില്ലയിലെ മറ്റു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലുമായി സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ(എസ്ബിഐ) ശബരിമല സന്നിധാനത്തെ പില്‍ഗ്രിം സര്‍വീസ് ശാഖയുടെ ഉദ്ഘാടനം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. ശിവപ്രകാശ് നിര്‍വഹിച്ചു. റീജിയണല്‍ മാനേജര്‍ സുരേഷ് കുമാര്‍ കിള്ളിയോട്ട്, ലീഡ് ഡിസ്ട്രിക്റ്റ് മാനേജര്‍ വി. വിജയകുമാരന്‍, ഓഫീസേഴ്‌സ് അസോസിയേഷന്‍ റീജിയണല്‍ സെക്രട്ടറി ടി ആര്‍ പ്രശാന്ത്, സ്റ്റാഫ് യൂണിയന്‍ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ആര്‍. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍