മഹ ചുഴലിക്കാറ്റ് കോഴിക്കോട് നിന്ന് 300 കിമീ ദൂരത്ത്

കോഴിക്കോട്: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട 'മഹ' ചുഴലിക്കാറ്റ് മണിക്കൂറില്‍ 15 കിമീ വേഗതയില്‍ കഴിഞ്ഞ ആറ് മണിക്കൂറായി വടക്ക്‌വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ലക്ഷദ്വീപിലെ അമിനിദ്വീപില്‍ നിന്ന് തെക്ക് കിഴക്കായി 30 കിമീ ദൂരത്തിലും ലക്ഷദ്വീപിലെ മിനിക്കോയില്‍ നിന്ന് 300 കിലോമീറ്റര്‍ ദൂരത്തും വടക്ക് കവരത്തിയില്‍ നിന്ന് 60 കിമീ ദൂരത്തും കോഴിക്കോട് നിന്ന് പടിഞ്ഞാറ് 300 കിമീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ ഇപ്പോഴത്തെ സ്ഥാനം സ്ഥാനമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചു.
കാറ്റിന്റെ പരമാവധി വേഗത 61 കിമീ മുതല്‍ 90 കിമീ വരെയുള്ള ഘട്ടമാണ്. ഇന്ന് ഉച്ചയ്ക്ക് മുമ്പ് 'മഹ' ചുഴലിക്കാറ്റ് കൂടുതല്‍ കരുത്ത് പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റ് പരമാവധി വേഗത മണിക്കൂറില്‍ 90 മുതല്‍ 140 കിമീ വരെ) ആയി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ശേഷമുള്ള 24 മണിക്കൂറില്‍ മഹ വീണ്ടും ശക്തി വര്‍ധിച്ച് അതിശക്തമായ ചുഴലിക്കാറ്റ് ആയി മാറാനാണ് സാധ്യത. ഇത് അടുത്ത 12 മണിക്കൂറില്‍ വടക്ക് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് മധ്യകിഴക്കന്‍ അറബിക്കടലിലേക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'മഹ' ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നു പോകുന്നതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയുള്ള സമയങ്ങളിലും കടല്‍ അതിപ്രക്ഷുബ്ധാവസ്ഥയില്‍ തുടരുന്നതാണ്. ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്.
തീരമേഖലയിലും മലയോര മേഖലയിലും ചില നേരങ്ങളില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. കടല്‍ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍