ഇന്ത്യ വെസ്റ്റിന്‍ഡീസ് ട്വന്റി 20 ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം മമ്മൂട്ടി നിര്‍വഹിക്കും

തിരുവനന്തപുരം:കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന ഇന്ത്യ വെസ്റ്റിന്‍ഡീസ് ട്വന്റി20 ക്രിക്കറ്റ് മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഇന്നാരംഭിക്കും. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടി ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്യും. എം.എല്‍.എ വികെ പ്രശാന്ത്, ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്, കെ.സി.എ സെക്രട്ടറി ശ്രീജിത്ത് വി. നായര്‍, ട്വന്റി20 ജനറല്‍ കണ്‍വീനര്‍ സജന്‍ കെ. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് ഏഴു മണിക്കു നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം മാത്രമെ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാകു. ടിക്കറ്റ് ബുക്കിങ്ങിനായുള്ള ലിങ്ക് കെ.സി.എ വെബ്‌സൈറ്റില്‍ ലഭിക്കും. കെ.സി.എയുടെ ടിക്കറ്റിങ് പാര്‍ട്ണര്‍ പേടിഎം ആണ്. രാത്രി ഏഴിന് തുടങ്ങുന്ന മത്സരത്തിനായി വൈകിട്ട് നാല് മുതല്‍ കാണികള്‍ക്ക് പ്രവേശിക്കാം. സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനായി ഏതെങ്കിലും ഫോട്ടോ പതിച്ച ഐ.ഡികാര്‍ഡും പരിശോധനയ്ക്ക് വിധേയമാക്കണം.ടിക്കറ്റിന്റെ മറുവശത്ത് സ്‌റ്റേഡിയത്തില്‍ അനുവദനീയവും നിരോധിതവുമായ കാര്യങ്ങള്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. സ്റ്റേഡിയത്തിലേക്ക് കുപ്പിവെള്ളവും ശീതള പാനീയങ്ങളും പുറത്തുനിന്നും കൊണ്ടുവരാന്‍ അനുവദിക്കുന്നതല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍