നല്ല മലയാള പദങ്ങള്‍ ലയിക്കുന്നതാണ് വയലാറിന്റെ ഗാനങ്ങള്‍: രമേശ് നാരായണന്‍

തിരുവനന്തപുരം: ഗാനരചയിതാവ് കുറിക്കുന്ന വരികളുടെ മനോഹാരിത സംഗീത സംവിധായകന്റെ മനസില്‍ നല്ല സംഗീതം രൂപപ്പെടുത്തുമെന്നു സംഗീത സംവിധായകന്‍ പണ്ഡിറ്റ് രമേശ് നാരായണന്‍.വയലാര്‍ സാംസ്‌കാരിക വേദിയും വൈലോപ്പിള്ളി സംസ്‌കൃതി ഭവനും ചേര്‍ന്നു നടത്തിവന്ന വയലാര്‍ രാമവര്‍മ 43ാം ചരമ വാര്‍ഷിക ദിനാചരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈലോപിള്ളി സംസ്‌കൃതി ഭവനിലായിരുന്നു ചടങ്ങ്. ഗാനത്തിന്റെ വരികള്‍ കാണുമ്പോള്‍ തന്നെ അവ മനസിലേക്ക് കടന്നു വരണം. നല്ല മലയാള പദങ്ങള്‍ ലയിക്കുന്ന വയലാറിന്റെ ഗാനങ്ങള്‍, കുട്ടിക്കാലം മുതലെ തന്നെ ആകര്‍ഷിച്ചിരുന്നുവെന്നും രമേശ് നാരായണന്‍ പറഞ്ഞു. ഗാനരംഗത്തെ എക്കാലത്തെയും സൂപ്പര്‍സ്റ്റാറാണ് വയലാര്‍ രാമവര്‍മ എന്നു ചലച്ചിത്ര ഗാനനിരൂപകന്‍ ടി.പി. ശാസ്തമംഗലം പറഞ്ഞു. വയലാര്‍, ദേവരാജന്‍, യേശുദാസ് എന്ന അപൂര്‍വ സംഗമത്തില്‍ പിറന്നത് കറകളഞ്ഞ ഗാനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയില്‍ പിന്നണി ഗായകനായിരുന്ന കാലത്ത് എം.ജി. രാധാകൃഷ്ണന്‍ പാടിയത് അധികവും വയലാര്‍ദേവരാജന്‍ കൂട്ടുകെട്ടിലെ ഗാനങ്ങളാണെന്നു എം.ജി. രാധാകൃഷ്ണന്റെ സഹധര്‍മിണി പദ്മജ രാധാകൃഷ്ണന്‍ പറഞ്ഞു.
റെയര്‍ വേവ്‌സ് എന്ന ഗാന കൂട്ടായ്മയുടെ ഉദ്ഘാടനവും രമേശ് നാരായണന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സാംസ്‌കാരിക വേദി പ്രസിഡന്റ് കെ. ചന്ദ്രിക അധ്യക്ഷത വഹിച്ചു. വിളപ്പില്‍ശാല പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പില്‍ രാധാകൃഷ്ണന്‍ പ്രസംഗിച്ചു. ഗോപന്‍ കൊഞ്ചിറവിള സ്വാഗതവും ജോയിന്റ് സെക്രട്ടറി ജയശ്രീ ഗോപാലകൃഷ്ണന്‍ കൃതജ്ഞതയും പറഞ്ഞു. തുടര്‍ന്നു റെയര്‍വേവ്‌സ് സ്മൃതി തരംഗങ്ങള്‍ എന്ന ഗാനസന്ധ്യ അവതരിപ്പിച്ചു. ഗായകരായ ഖാലിദ്, മുരളി, ജോഷി, രജനി പരമാനന്ദന്‍, ഉഷ, ശ്യാമിലി എന്നിവര്‍ മലയാളം, ഹിന്ദി, തമിഴിലെ അപൂര്‍വ സുന്ദര ഗാനങ്ങള്‍ ആലപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍