കനത്ത മഴയില്‍ കുതിര്‍ന്ന് പോളിംഗ്, ആദ്യ മണിക്കൂറില്‍ തിരക്ക് കുറവ്: ആശങ്കയോടെ മുന്നണികള്‍

 കൊച്ചി: സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചെങ്കിലും കനത്ത മഴ വില്ലനായതോടെ പോളിംഗ് ബൂത്തുകളില്‍ തിരക്ക് കുറവാണ് അനുഭവപ്പെടുന്നത്. മഞ്ചേശ്വരം ഒഴികെയുള്ള നാല് മണ്ഡലങ്ങളിലും കനത്ത മഴ തുടരുകയാണ്. വെള്ളക്കെട്ടും വെളിച്ചക്കുറവും കാരണം എറണാകുളത്തെ ചില പോളിംഗ് ബൂത്തുകള്‍ മാറ്റി ക്രമീകരിച്ചു. ആദ്യ മണിക്കൂറില്‍ തിരക്ക് കുറഞ്ഞതോടെ ആശങ്കയിലാണ് മുന്നണികള്‍. ഉച്ചയ്ക്ക് മുമ്പ് വോട്ടര്‍മാരെ പോളിംഗ് ബൂത്തുകളില്‍ എത്തിക്കാനാണ് പ്രവര്‍ത്തകരുടെ ശ്രമം. എറണാകുളത്തെ ഒരു ബൂത്തില്‍ പോലും ഇപ്പോള്‍ തിരക്കില്ല. അതേസമയം, നിലവില്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. അടുത്ത മണിക്കൂറുകളിലെ മഴയുടെ സ്ഥതിഗതികള്‍ വിലയിരുത്തിയതിന് ശേഷം തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണോ എന്ന കാര്യം ആലോചിക്കും. എറണാകുളത്ത് കനത്ത മഴ തുടരുന്നതിനാല്‍ ജില്ലാ കളക്ടറുമായി സംസാരിച്ചിരുന്നു. ജില്ലാ കളക്ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ പരഗണിച്ചതിന് ശേഷമായിരിക്കും തിരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. എന്നാല്‍ പോളിംഗ് രാത്രിവരെ നീട്ടി വോട്ടെടുപ്പ് ഇന്ന് അവസാനിപ്പിക്കാനാണ് ശ്രമിക്കുക.കനത്ത സുരക്ഷയാണ് എല്ലാ ബൂത്തുകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. എം.എല്‍.എ പി. ബി. അബ്ദുറസാഖിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് മഞ്ചേശ്വരത്ത് ഒഴിവുവന്നത്. കെ. മുരളീധരന്‍, അടൂര്‍ പ്രകാശ്, എ.എം. ആരിഫ്, ഹൈബി ഈഡന്‍ എന്നിവര്‍ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം നിയമസഭാ മണ്ഡലങ്ങളിലും ഒഴിവുവന്നു.മഞ്ചേശ്വരത്ത് 2.14 ലക്ഷവും എറണാകുളത്ത് 1.55ലക്ഷവും അരൂരില്‍1.91 ലക്ഷവും കോന്നിയില്‍1.98 ലക്ഷവും വട്ടിയൂര്‍ക്കാവില്‍ 1.97 ലക്ഷവും വോട്ടര്‍മാരാണുള്ളത്. മഞ്ചേശ്വരത്ത് 2693,എറണാകുളത്ത് 2905,അരൂരില്‍ 1962,കോന്നിയില്‍ 3251,വട്ടിയൂര്‍ക്കാവില്‍ 1969 എന്നിങ്ങിനെയാണ് പുതിയ വോട്ടര്‍മാര്‍. 5225 പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അരൂര്‍ ഒഴികെ നാല് മണ്ഡലങ്ങളും യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. അരൂരില്‍ കഴിഞ്ഞ തവണ ഇടതുമുന്നണിയാണ് ജയിച്ചത്.തുലാവര്‍ഷം ശക്തമായത് വോട്ടെടുപ്പിന് തിരിച്ചടിയാണ്. ഇന്നു മുതല്‍ അഞ്ച് ദിവസത്തേക്ക് മഴ ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴഭീഷണിയുള്ളതിനാല്‍ പരമാവധി വോട്ടര്‍മാരെ ഉച്ചയ്ക്ക് മുമ്പ് എത്തിക്കാനായിരിക്കും പ്രവര്‍ത്തകരുടെ ശ്രമം.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് 76.19 ഉം, എറണാകുളത്ത് 71.6ഉം, അരൂരില്‍ 85.43ഉം കോന്നിയില്‍ 73.19 ഉം വട്ടിയൂര്‍ക്കാവില്‍ 69.83 ശതമാനവുമായിരുന്നു പോളിംഗ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍