മിഠായിത്തെരുവിലെ വാഹനനിയന്ത്രണം: അന്തിമ തീരുമാനം ഉടന്‍

കോഴിക്കോട്: മിഠായിത്തെരുവിലെ വാഹന നിയന്ത്രണവുമായി ബന്ധപ്പെട്ട് ഉടന്‍ അന്തിമ തീരുമാനം എടുക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വ്യക്തമാക്കി. മന്ത്രിമാരും കളക്ടറും മേയറും മറ്റ് ജനപ്രതിനിധികളും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു വാഹന നിയന്ത്രണമെന്നും ഇതിനായുണ്ടാക്കിയ പ്രത്യേക കമ്മിറ്റി യോഗം ചേര്‍ന്ന് മാത്രമേ ഇതില്‍മാറ്റം വരുത്താന്‍ സാധിക്കുകയുള്ളൂവെന്ന് മേയര്‍ പറഞ്ഞു.സി. അബ്ദുറഹിമാനും കെ.എം. റഫീക്കുമാണ് വിഷയം കൗണ്‍സിലില്‍ ശ്രദ്ധ ക്ഷണിക്കലായി അവതരിപ്പിച്ചത്. രണ്ട് വര്‍ഷത്തിലേറെയായുള്ള നിയന്ത്രണം പിന്‍വലിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. വ്യാപാരികള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് ഇരുവരും വ്യക്തമാക്കി. നഗരത്തില്‍ പരസ്യം വെക്കുന്നതിനുള്ള നിയമാവലിക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കി.കോര്‍പ്പറേഷന്റെ അനുവാദമില്ലാതെ നഗരത്തില്‍ പരസ്യം വെക്കാന്‍ സാധിക്കില്ല. ഇതിനായി ഡെപ്പോസിറ്റ്,ലൈസന്‍സ്, പെര്‍മിറ്റ് ഫീസ് അടയ്ക്കണം. നിയമാവലി നടപ്പാക്കുന്നതോടെ വര്‍ഷം ഒന്നരക്കോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്ന് സെക്രട്ടറി ബിനു ഫ്രാന്‍സിസ് വ്യക്തമാക്കി. ഹോര്‍ഡിംഗുകള്‍, പോസ്റ്ററുകള്‍, തൂണുകള്‍, ഇലക്‌ട്രോണിക് മാദ്ധ്യമത്തിലുള്ളവ, ആകാശ പരസ്യങ്ങള്‍, വാഹനത്തിലും മറ്റുമുള്ള തുടങ്ങി എല്ലാതരം പരസ്യങ്ങളും നിയമാവലിയില്‍ ഉള്‍പ്പെടും.ദേശീയപാത, ബൈപ്പാസ്, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ബീച്ച്, കനോലി കനാലിന് സമീപം, പാര്‍ക്ക്, പ്രധാന ജംഗ്ഷന്‍ എന്നിവ പ്രഥമ മേഖലയും ചെറുറോഡുകള്‍, പ്രാന്തപ്രദേശങ്ങള്‍ എന്നിവ ദ്വിതീയ മേഖലകളുമാണ്. മാനാഞ്ചിറ പരസ്യമുക്ത മേഖലയാണ്. മേഖലകള്‍ക്കനുസരിച്ച് ഫീസ് ഇനത്തില്‍ മാറ്റമുണ്ടാകും.തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് മേയര്‍ അറിയിച്ചു. കര്‍ണാടക ആസ്ഥാനമായുള്ള കമ്പനി കേടുവന്ന തെരുവുവിളക്കുകളുടെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇത് പൂര്‍ത്തിയാക്കി ഓരോ വാര്‍ഡിലെയും മുഴുവന്‍ തെരുവുവിളക്കുകളും കത്തിക്കാനാവശ്യമായ നടപടികള്‍ മൂന്നാ നാലോ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മേയര്‍ കൗണ്‍സിലിന് ഉറപ്പുനല്‍കി. അടിയന്തര പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ ഉടന്‍തന്നെ അറ്റകുറ്റപ്പണികള്‍ നടത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍