നീറ്റ് ക്രമക്കേട്: കര്‍ണാടകയില്‍ വ്യാപക റെയ്ഡ്

ബംഗളൂരു: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് ആദായനികുതി വകുപ്പിന്റെ പരിശോധന. മുന്നൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ജി. പരമേശ്വര, മുന്‍ എംപി ആര്‍.എല്‍. ജാലപ്പയുടെ മകന്‍ ജെ. രാജേന്ദ്ര എന്നിവരുടെ വസതികളിലും സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രശസ്തമായ സിദ്ധാര്‍ഥ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പരമേശ്വരയുടെ കുടുംബങ്ങളുടെ നിയന്ത്രണത്തിലാണു നടക്കുന്നത്. പരമേശ്വരയുടെ പിതാവ് എച്ച്.എം. ഗംഗാധരയ്യ 58 വര്‍ഷം മുമ്പ് തുടക്കമിട്ടതാണീ സ്ഥാപനങ്ങള്‍.പരമേശ്വരയുടെ ഓഫീസ്, വസതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ സഹോദരന്‍ ജി. ശിവപ്രസാദിന്റെയും സഹായി രമേശിന്റെയും കേന്ദ്രങ്ങളിലും പരിശോധന നടന്നു. ആര്‍.എല്‍. ജാലപ്പയുടെ നേതൃത്വത്തില്‍ ദോദബല്ലാപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന ജാലപ്പ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും പരിശോധന നടത്തി. 30 ഓളം കേന്ദ്രങ്ങളില്‍ പരിശോധന നടന്നു. 80 ഓളം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വന്‍ പോലീസ് സന്നാഹവും ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍