പാവറട്ടി കസ്റ്റഡി മരണം സിബിഐയ്ക്ക് വിടാന്‍ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: പാവറട്ടിയില്‍ എക്‌സൈസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തിലെ അന്വേഷണം സിബിഐക്ക് വിടാന്‍ മന്ത്രിസഭ തീരുമാനം. കസ്റ്റഡി മരണങ്ങളിലെല്ലാം സിബിഐ അന്വേഷണം തേടാനാണ് മന്ത്രിസഭയുടെ തീരുമാനമെന്നാണ് വിവരം.സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡി മരണങ്ങള്‍ സിബിഐക്ക് വിടാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഇതിന്റെ ആദ്യഘട്ടമായാണ് പാവറട്ടി കേസ് സിബിഐക്ക് വിട്ടത്. പോലീസ് ആരോപണ വിധേയമാകുന്ന കേസില്‍ പുറത്ത് നിന്നുള്ള ഏജന്‍സി അന്വഷിക്കണം എന്നുള്ളതാണ് കോടതിയുടെ സുപ്രധാനമായ നിര്‍ദേശം.അതിനിടെ,പാവറട്ടിയില്‍ എക്‌സൈസ് കസ്റ്റഡിയിലിരിക്കെ യുവാവ് കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കസ്റ്റഡിയിലുണ്ടായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കസ്റ്റഡി മരണക്കേസില്‍ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ സ്മിബിനും മഹേഷും സ്റ്റേഷനില്‍ ഹാജരായിരുന്നു. ഇവര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഒളിവിലുള്ള മറ്റ് രണ്ടു പേര്‍ കൂടി ഇന്ന് ഹാജരാകുമെന്നാണ് സൂചന. ഡൈവര്‍ ശ്രീജിത്തിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല.എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അനൂപ്, ജബ്ബാര്‍ സിവില്‍ ഓഫീസര്‍ നിതിന്‍ എന്നിവരാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. രഞ്ജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് മൂവരും മൊഴി നല്‍കുകയും ചെയ്തു. മര്‍ദ്ദിക്കുന്നത് തടഞ്ഞെന്നും സഹപ്രവര്‍ത്തകരില്‍ ചിലര്‍ മര്‍ദ്ദനം തുടര്‍ന്നപ്പോള്‍ ജീപ്പില്‍ നിന്ന് ഇറങ്ങിപ്പോയെന്നുമാണ് അനൂപിന്റെ മൊഴി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍