എല്‍ഡി ക്ലാര്‍ക്ക് വിജ്ഞാപനം നവംബര്‍ അവസാനത്തോടെ

തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിനു ഉദ്യോഗാര്‍ഥികള്‍ കാത്തിരിക്കുന്ന എല്‍ഡി ക്ലാര്‍ക്ക് പരീക്ഷാ വിജ്ഞാപനം നവംബര്‍ അവസാനത്തോടെ പിഎസ്‌സി പ്രസിദ്ധീകരിച്ചേക്കും. അടുത്ത വര്‍ഷം ജൂണില്‍ പരീക്ഷ ആരംഭിച്ച് നാലു മാസം കൊണ്ട് പരീക്ഷ പൂര്‍ത്തിയാക്കുന്നതിനാണ് പിഎസ്‌സി ഉദ്ദേശിക്കുന്നത്. വിവിധ ഘട്ടങ്ങളിലായാകും പരീക്ഷ നടത്തുക.2020 ഡിസംബറില്‍ സാധ്യതാ പട്ടിക തയാറാക്കി 2021 ഏപ്രില്‍ മാസത്തില്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്ന വിധത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പിഎസ്‌സി ഉദ്യേശിക്കുന്നത്. നിലവിലുള്ള റാങ്ക് പട്ടികയുടെ കാലാവധി 2021 ഏപ്രില്‍ ഒന്നിനു അവസാനിക്കും. ഈ പട്ടികയുടെ പകുതി കാലാവധി പൂര്‍ത്തിയാക്കി കഴിഞ്ഞു.2016 നവംബറിലാണ് കഴിഞ്ഞ എല്‍ഡി ക്ലാര്‍ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 17.94 ലക്ഷം ഉദ്യോഗാര്‍ഥികളാണ് അന്ന് അപേക്ഷിച്ചിരുന്നത്. ഇത്തവണ അപേക്ഷകരുടെ എണ്ണം 22 ലക്ഷം കവിയുമെന്നാണ് കരുതുന്നത്. പൊതുവിഭാഗത്തിലുള്ളവരുടെ ഉയര്‍ന്ന പ്രായപരിധി 36 വയസും ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കു 39 വയസും എസ്‌സി, എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്കു 41 വയസും ആണ്. 2019 ജനുവരി ഒന്ന് കണക്കാക്കിയാകും പ്രായം നിശ്ചയിക്കുക.എസ്എസ്എല്‍സി തന്നെയാകും ഇത്തവണയും അടിസ്ഥാന യോഗ്യത. എല്‍ഡി ക്ലാര്‍ക്ക് യോഗ്യത എസ്എസ്എല്‍സിയില്‍ നിന്നും പ്ലസ്ടുവാക്കി ഉയര്‍ത്തിയിരുന്നെങ്കിലും സ്‌പെഷല്‍ റൂള്‍ അംഗീകരിച്ചിരുന്നില്ല. അതിനാല്‍ 2013ല്‍ പ്രത്യേക ഉത്തരവിറക്കിയാണ് എസ്എസ്എല്‍സി അടിസ്ഥാന യോഗ്യതയാക്കി എല്‍ഡി ക്ലാര്‍ക്ക് വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിച്ചത്. സ്‌പെഷള്‍ റൂള്‍ ഭേദഗതി ചെയ്യുന്നതുവരെ എസ്എസ്എല്‍സി അടിസ്ഥാന യോഗ്യതയാക്കി നിയമനം നടത്താന്‍ പിഎസ്‌സിക്കു അധികാരം നല്‍കുന്നതായിരുന്നു 2013ലെ ഉത്തരവ്. 2018 ഏപ്രില്‍ രണ്ടിനാണ് നിലവിലുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. മൂന്നുവര്‍ഷമാണ് ഈ റാങ്ക് പട്ടികയുടെ കാലാവധി. പിഎസ്സി നടത്തുന്നതില്‍ ഏറ്റവും മത്സരമുള്ള പരീക്ഷയാണ് എല്‍ഡി ക്ലാര്‍ക്ക് പരീക്ഷ. സീനിയര്‍ ക്ലാര്‍ക്ക്, ഹെഡ്ക്ലാര്‍ക്ക്, സൂപ്രണ്ട്, സീനിയര്‍ സൂപ്രണ്ട്, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എന്നങ്ങനെ പ്രമോഷനുകള്‍ ലഭിക്കുന്ന തസ്തികയാണ് എല്‍ഡി ക്ലാര്‍ക്ക്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍