റഫാല്‍ യുദ്ധ വിമാനത്തെ രക്ഷിക്കാന്‍ നാരങ്ങയും തേങ്ങയും; എന്ത് പ്രഹസനമെന്ന് കോണ്‍ഗ്രസ്

മുംബൈ: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് റഫാല്‍ വിമാനത്തില്‍ ആയുധപൂജ നടത്തിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ രംഗത്ത്. രാജ്‌നാഥ് സിംഗിന്റെ നടപടി നാടകമാണെന്ന് ഗാര്‍ഗെ കുറ്റപ്പെടുത്തി. ബൊഫോഴ്‌സ് തോക്ക് വാങ്ങിയപ്പോള്‍ പ്രഹസനങ്ങളൊന്നും നടത്തിയില്ലെന്നും ഗാര്‍ഗെ ചൂണ്ടിക്കാട്ടി.ഇത്തരം നാടകങ്ങളുടെ ആവശ്യമില്ല. തങ്ങള്‍ ബൊഫോഴ്‌സ് തോക്ക് വാങ്ങിയപ്പോള്‍ ആരും തന്നെ പോയിരുന്നില്ല. പ്രദര്‍ശനങ്ങളും നടത്തിയില്ല. ഇത്തരം ആളുകള്‍ വിമാനത്തിനകത്ത് കയറിയാണ് 'ഷോ' കാണിക്കേണ്ടത് ഗാര്‍ഗെ പറഞ്ഞു. മുന്‍ ബിജെപി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉദിത് രാജും പ്രതിരോധമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ചു. അന്ധവിശ്വാസത്തിന്റെ ഭാഗമായി നടത്തിയ ചടങ്ങിനു ശേഷം ഇന്ത്യയെക്കുറിച്ച് ലോകം എന്ത് ചിന്തിക്കുമെന്ന് ഉദിത് രാജ് ചോദിച്ചു. ഫ്രാന്‍സില്‍നിന്ന് റഫാല്‍ ജെറ്റ് വ്യോമസേനയുടെ ഭാഗമാകുമ്പോള്‍ നാരങ്ങയും നാളികേരവും ഇതിനെ സംരക്ഷിക്കും. ലോകം എന്താകും ചിന്തിക്കുക ഉദിത് രാജ് ചോദിച്ചു.റഫാല്‍ വിമാനം ഏറ്റുവാങ്ങിയപ്പോള്‍ രാജ്‌നാഥ് സിംഗ് ആയുധപൂജ നടത്തിയിരുന്നു. ചടങ്ങിന് എത്തിയ ആളുകളുടെ മുന്നില്‍ അദ്ദേഹം വിമാനത്തില്‍ ഓം എന്ന് എഴുതി. വിമാനത്തിനു മുന്നില്‍ തേങ്ങ ഉടയ്ക്കുകയും പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. അവസാനം വിമാനത്തിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍ നാരങ്ങ വച്ചു. ഇതിനു ശേഷമാണ് വിമാനം മുന്നോട്ടെടുത്തത്. രാജ്‌നാഥ് സിംഗ് നടത്തിയ ആയുധപൂജയില്‍ മുതിര്‍ന്ന ഫ്രഞ്ച് സൈനികോദ്യോഗസ്ഥരും ദസോ കമ്പനിയുടെ ഉന്നത നേതൃത്വവും പങ്കെടുത്തു. ഇതിനു ശേഷം റഫാല്‍ വിമാനത്തില്‍ രാജ്‌നാഥ് സിംഗ് 25 മിനിറ്റ് യാത്ര നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍