നവകേരളം സൃഷ്ടിക്കേണ്ടത് എല്ലാവരും ചേര്‍ന്ന്: മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍വതല സ്പര്‍ശിയായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും എല്ലാവരും ചേര്‍ന്നുവേണം നവകേരളം സൃഷ്ടിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി സര്‍ക്കാര്‍ മുന്നില്‍ നില്‍ക്കും. കവടിയാര്‍ ഉദയ് പാലസില്‍ 24 ന്യൂസ് ചാനല്‍ സംഘടിപ്പിച്ച നവകേരളത്തെ കുറിച്ചുള്ള ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള പുനര്‍നിര്‍മാണം സര്‍ക്കാരിന്റെ മാത്രം ചുമതലയല്ല. പുനര്‍നിര്‍മ്മാണം എങ്ങനെ ആയിരിക്കണം, എന്തായിരിക്കണം എന്നതിന് എല്ലാവരുടെയും അഭിപ്രായം വേണം. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കാലതാമസം പാടില്ല. കാലാനുസൃതമായ വേഗത എല്ലാകാര്യങ്ങളിലും ഉണ്ടാകണം. കേരളത്തിന് അനുയോജ്യമായ വ്യവസായങ്ങളാണ് ആകര്‍ഷിക്കേണ്ടത്. സ്റ്റാര്‍ട്ടപ്പുകളെ ശക്തിപ്പെടുത്തണം. ആഗ്രഹിക്കുന്ന തരത്തില്‍ കാലതാമസമില്ലാതെ കാര്യങ്ങള്‍ നടപ്പാക്കുന്ന സംസ്‌കാരം ആര്‍ജ്ജിച്ചാല്‍ മാത്രമേ അതിവേഗം മുന്നേറാനാകൂ. ഇതിനായി ഉദ്യോഗസ്ഥര്‍ പുതിയ രീതികള്‍ സ്വായത്തമാക്കണം. നാടാകെ വികസിക്കുമ്‌ബോഴാണ് വികസനം പൂര്‍ണമാകുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി.
കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥിയായിരുന്നു. രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍, സാങ്കേതിക വിഷയ വിദഗ്ദ്ധര്‍, വ്യാവസായിക പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍