എം.എസ്.എം.ഇയില്‍ അഞ്ചുകോടി പുതിയ തൊഴില്‍ സൃഷ്ടിക്കും: നിതിന്‍ ഗഡ്കരി

വെല്ലൂര്‍: രാജ്യത്ത് എം.എസ്.എം.ഇ രംഗത്ത് അഞ്ചുകോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. നിലവില്‍, ഈ രംഗത്ത് 11 കോടിപ്പേര്‍ തൊഴിലെടുക്കുന്നുണ്ട്. ഇന്ത്യന്‍ ജി.ഡി.പിയുടെ 24 ശതമാനവും എം.എസ്.എം.ഇയുടെ പങ്കാണ്. കാര്‍ഷിക മേഖലയുടെ സംഭാവന അഞ്ചു ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയില്‍ (വി.ഐ.ടി) 34ാമത് വാര്‍ഷിക കോണ്‍വൊക്കേഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മികച്ച സംവാദം, നേതൃപാടവം, പ്രശ്‌നപരിഹാരം, തന്ത്രപ്രധാന ചിന്താഗതി എന്നീ വൈദഗ്ദ്ധ്യങ്ങള്‍ ആര്‍ജ്ജിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും കഴിയണം. നവീനവത്കരണത്തിന്റെ ആശയപാതയിലൂടെ സഞ്ചരിക്കാന്‍ എന്‍ജിനിയര്‍മാര്‍ ശ്രമിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വിപ്രോ ഗ്ലോബല്‍ ടാലന്റ് അക്വിസിഷന്‍ മേധാവി വിശ്വാസ് ദീപ്, വി.ഐ.ടി ചാന്‍സലര്‍ ഡോ.ജി. വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍