ബത്തേരിയില്‍ ഒന്നു മുതല്‍ ട്രാഫിക് പരിഷ്‌കരണം സുല്‍ത്താന്‍

ബത്തേരി: ടൗണില്‍ ട്രാഫിക് പരിഷ്‌കരണം നവംബര്‍ ഒന്നു മുതല്‍ നടപ്പാക്കും. നിലവിലെ അപാകതകള്‍ പരിഹരിച്ചാണ് പരിഷ്‌കരണമെന്നു നഗരസഭ ചെയര്‍മാന്‍ ടി.എല്‍. സാബു, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. സഹദേവന്‍, സിഐ എം.ഡി. സുനില്‍, എസ്‌ഐ ഇ. അബ്ദുല്ല, എംവിഐ പ്രകാശന്‍, എഎംവിഐ കെ.ടി. ബേബി, പി.വൈ. മത്തായി, അനീഷ് ബി. നായര്‍, പി.ജി. സോമനാഥന്‍, ജിജി അലക്‌സ്, എ.കെ. വിനോദ്, ജിനീഷ് പൗലോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചുങ്കം ജംഗ്ഷന്‍ മുതല്‍ വളം ഡിപ്പോ വരെയും പോലീസ് സ്റ്റേഷന്‍ റോഡില്‍ ബിഎസ്എന്‍എല്‍ ഓഫീസ് മുതല്‍ ഗവ.ആശുപത്രി പരിസരംട്രാഫിക് ജംഗ്ഷന്‍ വരെയും ഇരുഭാഗത്തും പാര്‍ക്കിംഗ് അനുവദിക്കില്ല. പുല്‍പ്പള്ളി, വടക്കനാട് ഭാഗങ്ങളില്‍നിന്നുള്ള ബസുകള്‍ കോട്ടക്കുന്ന് നവരംഗ് സ്റ്റുഡിയോയുടെ മുന്‍വശത്തുള്ള സ്റ്റോപ്പില്‍ നിര്‍ത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം. പോലീസ് സ്റ്റേഷന്‍ ഡബ്ല്യുഎംഒ റോഡില്‍ വണ്‍വേ ഒഴിവാക്കും.ഈ റോഡില്‍ പൂര്‍ണമായും പാര്‍ക്കിംഗ് നിരോധിക്കും.ചുങ്കം കീര്‍ത്തി ടവറിന് സമീപം ബസ്‌ബേയില്‍ കാത്തിരിപ്പുകേന്ദ്രം നിര്‍മിക്കും. ഗുഡ്‌സ് ഓട്ടോറിക്ഷകളിലും ഉന്തുവണ്ടികളിലുമുള്ള കച്ചവടം അസംപ്ഷന്‍ ജംഗ്ഷന്‍ മുതല്‍ ചുങ്കം വരെ ഹൈവേയിലും ഉപറോഡുകളിലും നിരോധിക്കും. റഹിം മെമ്മോറിയല്‍ റോഡില്‍ മാര്‍ക്കറ്റ് പരിസരം ഒഴികെ നോ പാര്‍ക്കിംഗ് മേഖലയാക്കും. കല്ലുവയല്‍ എം.ജി റോഡില്‍ ഗാന്ധി ജംഗ്ഷന്‍ മുതല്‍ ചക്കാലക്കല്‍ ടൂറിസ്റ്റുഹോം വരെ ചെറുവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. രാജീവ്ഗാന്ധി മിനി ബൈപാസ് ചുള്ളിയോട് റോഡില്‍ വന്നുചേരുന്നതിന്റെ ഇരുഭാഗത്തും 50 മീറ്റര്‍ ചുറ്റളവില്‍ പാര്‍ക്കിംഗ് നിരോധിക്കും. വലിയ ലോറികള്‍ ചക്കാലക്കല്‍ ടൂറിസ്റ്റുഹോം കഴിഞ്ഞ് ഒരു വശത്ത് പാര്‍ക്ക് ചെയ്യാം. ഗാന്ധി പ്രതിമയുടെ സമീപത്തു കാര്‍, ബൈക്ക് ഒരു നിര മാത്രം പാര്‍ക്ക് ചെയ്യാം. തട്ടുകടകള്‍ രാത്രി ഏഴിനു ശേഷമേ റോഡരികില്‍ പ്രവര്‍ത്തിക്കാവൂ. ചുങ്കം മിന്റ് ഫ്‌ളവറിന് എതിര്‍വശത്തുള്ള സ്റ്റാന്‍ഡിലെ ടാക്‌സി ജീപ്പുകള്‍ നീളത്തില്‍ പാര്‍ക്ക് ചെയ്യണം. ലോറി പാര്‍ക്കിംഗ് എന്‍എച്ചില്‍ കോട്ടക്കുന്ന് ജംഗ്ഷന്‍ മുതല്‍ ഗീതാഞ്ജലി പമ്പുവരെ പാടില്ല. ചീരാല്‍ റോഡില്‍ സെന്റ് ജോസഫ്‌സ് സ്‌കൂളിനു ശേഷം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. ഹോട്ടല്‍ വില്‍ട്ടനു സമീപം വളവില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പാടില്ല. സന്തോഷ് ജംഗ്ഷന്‍ മുതല്‍ ഗീതാഞ്ജലി പന്പ് വരെ റോഡ് കൈയേറി ഷെഡ് കെട്ടിയുള്ള കച്ചവടവും ഉന്തുവണ്ടി കച്ചവടവും നിരോധിക്കും. ടൗണില്‍ പാര്‍ക്കിംഗ് ഏരിയകളില്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. കോട്ടക്കുന്ന് ജംഗ്ഷന്‍ മുതല്‍ കാരക്കണ്ടി പാലം വരെ ഇരുവശവും സ്വകാര്യ പാര്‍ക്കിംഗ് നിരോധിക്കും. പഴയ ബസ് സ്റ്റാന്‍ഡില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. ഓട്ടോ, ടാക്‌സി സ്റ്റാന്‍ഡുകളില്‍ അനുവദിച്ചതില്‍ കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ഡിജിറ്റല്‍ സ്റ്റിക്കര്‍ പതിക്കാത്ത വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ചുങ്കം ദ്വാരക റോഡിലും കോട്ടക്കുന്ന് മൈസൂരു റോഡിലും ഗതാഗതത്തിന് തടസമായി നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കും. ഫുട്പാത്ത് കൈയേറി കച്ചവടം ചെയ്യുന്നവര്‍ക്കെതിരേ നടപടി ഉണ്ടാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍