ലാന്‍ഡ് ഫോണ്‍ വരിക്കാര്‍ക്ക് ബി.എസ്.എന്‍.എല്ലിന്റെ ഇരുട്ടടി

കോഴിക്കോട്: ലാന്‍ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ബി. എസ്. എന്‍. എല്ലിന്റെ ഇരുട്ടടി. ടെലഫോണ്‍ ബില്‍ കൃത്യമായി തപാല്‍ മുഖേന വീട്ടിലെത്തിക്കാതെ ഉപയോക്താക്കളെ വട്ടം കറക്കുകയാണ് ബി.എസ്.എന്‍.എല്‍ ചെയ്യുന്നതെന്ന് വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. ടെലഫോണ്‍ ബില്‍ കൃത്യമായി തപാല്‍ വഴി വീട്ടിലും സ്ഥാപനങ്ങളിലുമൊക്കെ എത്തിക്കുകയായിരുന്നു ഇത്രയും കാലം ബി.എസ്.എന്‍.എല്‍ ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ ഈയിടെയായി ഇത് നിര്‍ത്തിവെച്ചിരിക്കുകയാണ്. പകരം ഫോണില്‍ അറിയിപ്പ് നല്‍കുകയോ, മൊബൈല്‍ ഫോണില്‍ സന്ദേശമയക്കുകയാണ് ചെയ്യുന്നത്. ഇതുകാരണം വരിക്കാര്‍ക്ക് കൃത്യമായി ബില്‍ തുക അടയ്ക്കാന്‍ കഴിയാതെ വരുന്നു. നിശ്ചിത തീയതിക്കകം ബില്‍ തുക അടച്ചില്ലെങ്കില്‍ ഒരു മുന്നറിയിപ്പുമില്ലാതെ ഫോണ്‍ കണക്ഷന്‍ റദ്ദാക്കുകയാണ് ചെയ്യുന്നത്. അന്വേഷിച്ചാല്‍ ബില്‍ അടച്ചില്ലെന്നാണ് വിശദീകരണം. ബില്ലിന്റെ കാര്യം ഉപയോക്താക്കള്‍ അറിഞ്ഞിട്ടു പോലും ഉണ്ടാകില്ല. ഇതു അത്യന്തം പ്രതിഷേധാര്‍ഹവും നീതിയ്ക്കു നിരക്കാത്തതുമാണെന്ന് ഉപയോക്താക്കള്‍ പരാതിപ്പെടുന്നു. ലാന്‍ഡ് ഫോണില്‍ ബില്‍ തുകയും അടയ്ക്കാനുള്ള തീയതിയും അറിയിക്കുന്നത് പലരും അറിയണമെന്നില്ല. അറ്റന്‍ഡ് ചെയ്യാന്‍ ആളുകള്‍ ഇല്ലാത്ത സമയത്താണ് വിളിക്കുന്നതെങ്കില്‍ ഉപയോക്താക്കള്‍ വിവരം അറിയുന്നില്ല. ഇനി പ്രായമായവരും കുട്ടികളുമാണ് ഫോണ്‍ എടുക്കുന്നതെങ്കില്‍ ഗൃഹനാഥനോട് പറയാന്‍ വിട്ടു പോയെന്ന് വരാം. മൊബൈല്‍ ഫോണില്‍ മെസ്സേജുമായി അറിയിപ്പ് വരുന്നതും പലരും ശ്രദ്ധിക്കാനിടയില്ല. കുറേ ദിവസങ്ങള്‍ കഴിഞ്ഞു മാത്രം മെസ്സേജുകള്‍ ശ്രദ്ധിക്കുന്നവരുമുണ്ട്. ഫോണ്‍ കണക്ഷന്‍ ഡിസ്‌കണക്ട് ചെയ്യുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. എന്തുകൊണ്ടാണ് തപാല്‍ മുഖേന ബില്‍ എത്തിക്കുന്നത് നിര്‍ത്തിയത് എന്ന് ഒരു പിടിയുമില്ല. ബി.എസ്.എന്‍.എല്ലും തപാല്‍വകുപ്പ് തമ്മിലുള്ള ആഭ്യന്തര പ്രശ്‌നങ്ങളാണോ കാരണമെന്ന് ചോദ്യമുയരുന്നു. അങ്ങനെയാണെങ്കില്‍ തന്നെ അത് ഉപയോക്താക്കളെ വട്ടംകറക്കി കൊണ്ടാകരുത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ബാധ്യത ബി.എസ്.എന്‍.എല്ലിനാണ്. ബി.എസ്.എന്‍.എല്‍ നിര്‍ത്തലാക്കുന്നതിന്റെ മുന്നോടിയാണോ ഇത്തരം നടപടികളെന്ന് പല കോണില്‍ നിന്നും ചോദ്യം ഉയരുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍