മംഗളൂരുരാമേശ്വരം എക്‌സ്പ്രസിന് വടകരയില്‍ സ്റ്റോപ്പില്ല; പ്രതിഷേധം ശക്തം


വടകര: മംഗളൂരുരാമേശ്വരം എക്‌സ്പ്രസിന്റെ സമയക്രമവും സ്റ്റോപ്പുകളും തീരുമാനിച്ചപ്പോള്‍ ജില്ലയില്‍ സ്റ്റോപ്പ് കോഴിക്കോട് മാത്രം. എ ക്ലാസ് സ്റ്റേഷനായ വടകര ഒഴിവാക്കപ്പെട്ടു. പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെല്ലാം രണ്ട് സ്റ്റോപ്പുകളുണ്ട്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വടകരയേക്കാള്‍ പിറകിലുള്ള സ്റ്റേഷനുകളില്‍ പോലും സ്റ്റോപ്പ് കിട്ടിയപ്പോഴാണ് അവഗണന. നേരത്തേ കോയമ്പത്തൂര്‍മംഗളൂരൂ ഇന്റര്‍സിറ്റി എക്‌സ്പ്രസ് അനുവദിച്ചപ്പോഴും ജനശതാബ്ദി എക്‌സ്പ്രസ് കണ്ണൂരിലേക്ക് നീട്ടിയപ്പോഴും വടകരയെ ഒഴിവാക്കിയിരുന്നു. പിന്നീട് ജനകീയ പ്രതിഷേധത്തെത്തുടര്‍ന്നാണ് സ്റ്റോപ്പ് അനുവദിച്ചത്. ആഴ്ചയില്‍ രണ്ടുദിവസമാണ് മംഗളൂരുരാമേശ്വരം എക്‌സ്പ്രസ് ഓടുക. പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, കുറ്റിപ്പുറം, തിരൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവയാണ് കേരളത്തില്‍ നിര്‍ദേശിക്കപ്പെട്ട സ്റ്റോപ്പുകള്‍. സ്റ്റോപ്പുകള്‍ നിശ്ചയിക്കുമ്പോള്‍ മാനദണ്ഡമായി സ്വീകരിക്കുന്നത് യാത്രക്കാരുടെ എണ്ണവും വരുമാനവുമാണ്. എന്നാല്‍ വടകരയുടെ കാര്യത്തില്‍ ഇത് പരിഗണിച്ചില്ലെന്നാണ് ആക്ഷേപം. കാസര്‍കോട്, കാഞ്ഞങ്ങാട്, ഒറ്റപ്പാലം, കുറ്റിപ്പുറം എന്നീ സ്റ്റേഷനുകള്‍ വരുമാനത്തിന്റെയും യാത്രക്കാരുടെ എണ്ണത്തിലുമെല്ലാം വടകരയ്ക്ക് പിറകിലാണ്. ഇതിനെതിരേ വടകരയില്‍ പ്രതിഷേധവും ഉയര്‍ന്നുതുടങ്ങി. രാമേശ്വരം, മധുര, പഴനി, വേളാങ്കണ്ണി തുടങ്ങിയ തീര്‍ഥാടനകേന്ദ്രങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഉപകാരപ്രദമായ തീവണ്ടിയെ ഏറെ പ്രതീക്ഷയോടെയാണ് വടകരക്കാരും ക്കണ്ടിരുന്നത്. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ വൈകിട്ട് 4.50ന് മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാത്രി 9.30ന് രാമേശ്വരത്തു നിന്ന് മംഗളൂരുവിലേക്കും തിരിക്കും. തീവണ്ടി ഓടിത്തുടങ്ങുമ്പോഴേക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മംഗളൂരു രാമേശ്വരം ട്രെയിനിനു വടകരയില്‍ സ്റ്റോപ്പ് അനുവദിക്കാനുള്ള നടപടി സ്വീകരിക്കണമെന്നു കെ.മുരളീധരന്‍ എംപി ദക്ഷിണ റെയിവേ ജനറല്‍ മാനേജരോട് ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍