മാന്ദ്യം: ആദായനികുതിയിലും ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: സാമ്പത്തികരംഗത്തെ മാന്ദ്യം നേരിടുന്നതിനായി ആദായ നികുതിയിലും ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കോര്‍പറേറ്റ് നികുതിയില്‍ ഇളവ് വരുത്തിയ മാതൃകയില്‍ ആദായ നികുതിയിലും മാറ്റങ്ങള്‍ പ്രഖ്യാപിക്കുമെന്നാണു സൂചന. നികുതിദായകര്‍ക്ക് അഞ്ചു ശതമാനമെങ്കിലും ആനുകൂല്യം ലഭിക്കുന്ന വിധം ഇളവു പ്രഖ്യാപിക്കുമെന്നാണ് വിവരം. പ്രത്യക്ഷ നികുതി കോഡ് ടാസ്‌ക് ഫോഴ്‌സിന്റെ ശിപാര്‍ശകള്‍ക്ക് അനുസരിച്ചുള്ള മാറ്റങ്ങള്‍ പ്രഖ്യാപിക്കുന്നതിനെക്കുറിച്ചാണ് ധനമന്ത്രാലയത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. വ്യക്തി തലത്തില്‍ ഇളവുകള്‍ നല്‍കുന്നത് ചെലവഴിക്കലിന്റെ തോതു വര്‍ധിപ്പിക്കുമെന്നും അതുവഴി സമ്പദ് വ്യവസ്ഥ ചലനാത്മകമാവുമെന്നുമാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.മുന്നോടിയായി രാജ്യത്തെ മധ്യവര്‍ഗ സമൂഹത്തിന് ഗുണം ലഭിക്കും വിധം ആദായ നികുതി ഘടനയില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചേക്കും. വ്യക്തിഗത ആദായ നികുതി സ്ലാബിലാകും കേന്ദ്രസര്‍ക്കാര്‍ മാറ്റം കൊണ്ടുവരിക. അഞ്ച് ലക്ഷം വരെയുള്ള വാര്‍ഷിക വരുമാനത്തെ അടുത്ത വര്‍ഷം മുതല്‍ ആദായ നികുതി മുക്തമാക്കും എന്ന് നേരത്തേതന്നെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഫലത്തില്‍ ഇതാകും നടപ്പില്‍ വരിക. ആദയനികുതി സ്ലാബുകള്‍ പരിഷ്‌കരിക്കുക വഴി രാജ്യത്തെ മധ്യവര്‍ഗ സമൂഹത്തിന്റെ ചെലവാക്കല്‍ ശീലം പ്രോത്സാഹിപ്പിക്കാനാകും എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിഗമനം. വര്‍ഷം അഞ്ചു ലക്ഷം മുതല്‍ പത്തു ലക്ഷം രൂപ വരെ നികുതി വിധേയ വരുമാനമുള്ളവര്‍ക്കായി പത്തു ശതമാനം എന്ന പുതിയ നികുതി സ്ലാബ് അവതരിപ്പിക്കുകയാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ള ഒരു മാര്‍ഗം. ഈ സ്ലാബിന് ഇരുപതു ശതമാനമാണ് നികുതി നിരക്ക്. ഉന്നത വരുമാനക്കാര്‍ക്കുള്ള 30 ശതമാനം നികുതി ഇരുപത്തിയഞ്ചു ശതമാനമായി കുറയ്ക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. സെസ്, സര്‍ചാര്‍ജ് എന്നിവ ഒഴിവാക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നതായി ധനമന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.നിലവില്‍ മൂന്നു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെയുള്ളവര്‍ക്ക് അഞ്ചു ശതമാനമാണ് നികുതി നിരക്ക്. അഞ്ചു മുതല്‍ പത്തു ലക്ഷം വരെയുള്ളവര്‍ക്ക് ഇരുപതു ശതമാനവും പത്തു ലക്ഷത്തിനു മുകളില്‍ 30 ശതമാനവുമാണ് ആദായ നികുതി നിരക്കുകള്‍. രണ്ടര ലക്ഷം വരെ വരുമാനമുള്ളവര്‍ നികുതി നല്‍കേണ്ടതില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍