വിസ്താരയുടെ തിരുവനന്തപുരം ഡല്‍ഹി പ്രതിദിന വിമാന സര്‍വീസ് വരുന്നു

തിരുവനന്തപുരം: ടാറ്റാ സണ്‍സിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍സ് തിരുവനന്തപുരത്തു നിന്ന് സര്‍വീസ് ആരംഭിക്കുന്നു. ഡല്‍ഹിക്കുള്ള പ്രതിദിന സര്‍വീസ് നവംബര്‍ 9ന് തുടങ്ങും. ഇക്കോണമി ക്ലാസില്‍ 5299 രൂപയും ബിസിനസ് ക്ലാസില്‍ 21,999 രൂപയുമാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്കും, ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും ബുക്കിംഗ് ആരംഭിച്ചതായി ചീഫ് സ്ട്രാറ്റജി ഓഫീസര്‍ വിനോദ് കണ്ണന്‍ അറിയിച്ചു. വിസ്താരയുടെ വെബ്‌സൈറ്റ് വഴിയും ഐ.ഒ.എസ്, ആന്‍ഡ്‌റോയ്ഡ് മൊബൈല്‍ ആപ്പുകള്‍ വഴിയും ഓണ്‍ലൈന്‍ട്രാവല്‍ ഏജന്‍സികളും ഏജന്റുകള്‍ വഴിയും ടിക്കറ്റ് ബുക്കിംഗ് നടത്താം. കേരളത്തില്‍ കൊച്ചിയിലേക്ക് മാത്രമാണ് നിലവില്‍ വിസ്താരയ്ക്ക് സര്‍വീസുള്ളത്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത വിമാനക്കമ്പനി മേധാവികളുടെ യോഗത്തിലാണ് വിസ്താര തിരുവനന്തപുരത്തു നിന്ന് ആഭ്യന്തര സര്‍വീസ് തുടങ്ങാന്‍ സന്നദ്ധതയറിയിച്ചത്. ഡല്‍ഹിയിലേക്കുണ്ടായിരുന്ന നാല് സര്‍വീസുകള്‍ രണ്ടായി കുറഞ്ഞ ഘട്ടത്തിലാണ് നാല് കമ്പനികള്‍ തിരുവനന്തപുരം ഡല്‍ഹി സര്‍വീസിന് സന്നദ്ധതയറിയിച്ചത്. എയര്‍ഇന്ത്യ, സ്‌പൈസ്‌ജെറ്റ്, എയര്‍ഏഷ്യ, വിസ്താര, ഗോഎയര്‍ കമ്പനികളാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്. ഇതില്‍ വിസ്താര, എയര്‍ഏഷ്യ, ഗോ എയര്‍ എന്നിവയ്ക്ക് നിലവില്‍ തലസ്ഥാനത്ത് നിന്ന് സര്‍വീസില്ല. ഇന്‍ഡിഗോ ഡല്‍ഹിയിലേക്ക് ഒരു നോണ്‍സ്റ്റോപ്പ് സര്‍വീസ് കൂടി തുടങ്ങുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍