മായങ്കിന് കന്നി ടെസ്റ്റ് സെഞ്ചുറി; ഓപ്പണിംഗ് വിക്കറ്റില്‍ റിക്കാര്‍ഡ്

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുന്നു. ടെസ്റ്റില്‍ ഓപ്പണറായുള്ള അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടിയ രോഹിത് ശര്‍മയ്ക്കു സഹ ഓപ്പണര്‍ മായങ്ക് അഗര്‍വാളും സെഞ്ചുറി നേടി. മായങ്കിന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയാണ് വിശാഖപട്ടണത്ത് കുറിക്കപ്പെട്ടത്. 204 പന്തില്‍ നിന്ന് 13 ഫോറും രണ്ടു സിക്‌സും സഹിതമാണ് മായങ്ക് സെഞ്ചുറിയില്‍ എത്തിയത്. രണ്ടാം ദിനം 59.1 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 202 റണ്‍സെന്ന നിലയില്‍ ആരംഭിച്ച ഇന്ത്യ ഇന്നിംഗ്‌സ് മികച്ച റണ്‍നിരക്കില്‍ കുതിക്കുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 75 ഓവറില്‍ 264 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 149 റണ്‍സോടെ രോഹിത്തും 111 റണ്‍സോടെ മായങ്കും ക്രീസില്‍ തുടരുകയാണ്. ഓപ്പണര്‍മാര്‍ വിക്കറ്റ് പോകാതെ നിലയുറപ്പിച്ചതോടെ ചില റിക്കാര്‍ഡുകളും തകര്‍ക്കപ്പെട്ടു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ ഓപ്പണിംഗ് വിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുക്കെട്ടെന്ന നേട്ടം രോഹിത്മായങ്ക് സഖ്യം പേരിലാക്കി. 2009ല്‍ കാണ്‍പൂര്‍ ടെസ്റ്റില്‍ വിരേന്ദര്‍ സെവാഗ്ഗൗതം ഗംഭീര്‍ പടുത്തുയര്‍ത്തിയ 233 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് പഴകഥയായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍